thiruvananthapuram local

കോര്‍പറേഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന : വിഴിഞ്ഞം, തിരുവല്ലം ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ



തിരുവനന്തപുരം: ഇന്റലിജന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം തിരുവനന്തപുരം കോര്‍പറേഷന്  കീഴിലുള്ള തിരുവല്ലം, വിഴിഞ്ഞം സോണല്‍ ഓഫീസുകളില്‍ പരിശോധന നടത്തി. വിജിലന്‍സ് സംഘം തിരുവല്ലം സോണല്‍ ഓഫീസില്‍ പരിശോധന നടത്തുന്ന സമയം പല ഉദ്യോഗസ്ഥരും സീറ്റുകളില്‍ ഹാജരില്ലായിരുന്നു. എഞ്ചിനീയറിങ് വിഭാഗത്തില്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍, ഓവര്‍സിയര്‍ ഗ്രേഡ്  3 എന്നിവര്‍ ഹാജരില്ലായിരുന്നു. വിജിലന്‍സ് സന്ദര്‍ശനം നടത്തുമ്പോള്‍ നിരവധി അപേക്ഷകര്‍ ഓഫീസിലുണ്ടായിരുന്നു. ഇവരില്‍ പലരും അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഫയലുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തീര്‍പ്പുകല്‍പ്പിക്കാതെ അനാസ്ഥ കാട്ടുന്നതായും വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു. രണ്ടുമാസത്തില്‍ അധികമായ അപേക്ഷകളില്‍ പോലും യാതൊരു തീരുമാനവും ബന്ധപ്പെട്ടവര്‍ കൈക്കൊണ്ടിട്ടില്ല. ഓഫീസ് ജീവനക്കാരുടെ ഹാജര്‍ ബുക്ക്, മൂവ്‌മെന്റ് രജിസ്റ്റര്‍ എന്നിവ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ പൂട്ടി വച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഓഫീസില്‍ നിന്നും ഔേദ്യാഗിക ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുറത്തുപോകുമ്പോള്‍ മൂവ്‌മെന്റ് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണം എന്നതാണ് ചട്ടം. ഈ രജിസ്റ്റര്‍ ഓഫിസില്‍ ഹാജരുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കൈവശം കാണേണ്ടതാണ്. കൂടാതെ ആരോഗ്യ വിഭാഗത്തില്‍ പല രജിസ്റ്ററുകളും യഥാവിധം പരിപാലിക്കപ്പെടുന്നില്ലെന്നും സംഘം കണ്ടെത്തി. പരാതി രജിസ്റ്റര്‍, ഡിസ്‌പോസല്‍ രജിസ്റ്റര്‍ എന്നിവ കൃത്യതയില്ലാതെയാണ് പരിപാലിച്ചിരിക്കുന്നത് . നിരവധി പരാതികള്‍ തീര്‍പ്പുകല്‍പിക്കാതെ കെട്ടികിടപ്പുണ്ടായിരുന്നു. വിഴിഞ്ഞം സോണല്‍ ഓഫീസും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. സംഘം കണ്ടെത്തിയ കാര്യങ്ങളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ്‌ബെഹ്‌റ അറിയിച്ചു. പ്രിവന്റീവ് വിജിലന്‍സിന്റെ ഭാഗമായി വിജിലന്‍സ് നിരീക്ഷണത്തിലുള്ള ഓഫീസുകള്‍ സന്ദര്‍ശിക്കണമെന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it