കോര്‍പറേറ്റുകളുടെ കിട്ടാക്കടം നാലുലക്ഷം കോടി തിരിച്ചുപിടിച്ചെന്ന അവകാശവാദം തെറ്റ്‌

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കു നല്‍കിയ വായ്പയില്‍ നാലുലക്ഷം കോടി രൂപയുടെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചെന്ന അവകാശവാദം തെറ്റാണെന്ന് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആള്‍ട്ട് ന്യൂസ്. യുപിഎ ഭരണകാലത്ത് കോര്‍പറേറ്റുകള്‍ക്കു നല്‍കിയ ഒമ്പതുലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി/ കിട്ടാക്കടങ്ങളില്‍ നാലുലക്ഷം കോടി രൂപ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐബിസി) 2016ലൂടെ എന്‍ഡിഎ ഭരണകൂടം തിരിച്ചുപിടിച്ചെന്ന് ഏപ്രില്‍ 14നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബിജെപി അവകാശപ്പെട്ടത്. ഈ അക്കൗണ്ട് പിന്തുടരുന്ന നൂറുകണക്കിനുപേര്‍ റീട്വീറ്റ് ചെയ്ത ഈ പോസ്റ്റ് പ്രധാനമന്ത്രിയുടെ മൊ ബൈല്‍ ആപ്പും ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
കിട്ടാക്കടവുമായി ബന്ധപ്പെട്ട് ഇന്‍ഡസ്്ട്രി ചേംബര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കോര്‍പറേറ്റ്കാര്യ സെക്രട്ടറി ഇന്‍ജിതി ശ്രീനിവാസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് നല്‍കിയ റിപോര്‍ട്ടിനെ ആസ്പദമാക്കി ഇക്കണോമിക് ടൈംസ് ആണ് നാലുലക്ഷം കോടി രൂപ തിരിച്ചുപിടിച്ചെന്ന തരത്തില്‍ ആദ്യമായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് മറ്റു സര്‍ക്കാര്‍ അനുകൂല റിപോര്‍ട്ടുകള്‍പോലെ പ്രധാനമന്ത്രിയുടെ നമോ ആപ്പും ഈ നുണക്കഥ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ ബിജെപി/എന്‍ഡിഎ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും സാമൂഹികമാധ്യമങ്ങളില്‍ ഈ നുണ ഏറ്റുപിടിച്ചു.
അതേസമയം, നിഷ്‌ക്രിയ ആസ്തികളും കിട്ടാക്കടവും തിരിച്ചുപിടിച്ചതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് പറയുന്നത് മറ്റൊരു കണക്കാണ്. എഴുതിത്തള്ളിയ 2.73 ലക്ഷം കോടി രൂപയില്‍ 29,243 കോടി രൂപ മാത്രമേ നാലുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചുപിടിച്ചിട്ടുള്ളൂ. ചോദ്യത്തിനു മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ്പ്രതാപ് ശുക്ല രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം, കണക്കിലെ വൈരുധ്യങ്ങളില്‍ വിശദീകരണം തേടി സമീപിച്ച ആള്‍ട്ട് ന്യൂസ് പ്രതിനിധിയോട് കോര്‍പറേറ്റ്കാര്യ സെക്രട്ടറി ഇന്‍ജിതി ശ്രീനിവാസ് പറഞ്ഞത്, തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ്. നിഷ്‌ക്രിയ ആസ്തിയില്‍ 50 ശതമാനത്തോളം ഐബിസിയിലേക്ക് റഫര്‍ ചെയ്‌തെന്നാണു താന്‍ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. 3.30 ലക്ഷം കോടി എന്‍സിഎല്‍ടിക്ക് (നാഷനല്‍ ലോ ട്രൈബ്യൂണ ല്‍) റഫര്‍ ചെയ്തതും നേരത്തേ തന്നെ തീര്‍പ്പുകല്‍പിച്ച 83,000 കോടി രൂപയും ചേര്‍ത്തുള്ള കണക്കായിരിക്കും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it