കോണ്‍ഗ്രസ് സഖ്യം: കേന്ദ്ര കമ്മിറ്റിയിലും ഭിന്നത; തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തില്‍ കേന്ദ്ര കമ്മിറ്റിയിലും ഭിന്നത. വിഷയത്തില്‍ തീരുമാനം ഇന്നുണ്ടാവും. ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിലപാടറിയിച്ചു.
അതേസമയം ബംഗാളിലെ ഘടകത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ യെച്ചൂരിയ്ക്ക് കത്ത് കൈമാറി. ഈ കത്ത് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിതരണം ചെയ്യണമെന്നാണ് വിഎസിന്റെ ആവശ്യം. കേന്ദ്ര കമ്മിറ്റിയില്‍ നിലവില്‍ പ്രത്യേക ക്ഷണിതാവ് മാത്രമാണ് വിഎസ്.
ബംഗാള്‍ ഘടകത്തിന്റെ തീരുമാനം പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് എതിരാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നുമാണ് കേരളാ ഘടകം നേതാക്കള്‍ കേന്ദ്ര കമ്മിറ്റിയിലും വാദിച്ചത്. മധ്യപ്രദേശ്, ആസാം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രധാനമായും ഇന്നലെ ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തിനെതിരേ രംഗത്തു വന്നത്. പാര്‍ട്ടിയുടെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് സംസ്ഥാനങ്ങളിലെ സാഹചര്യത്തിനൊത്ത് തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ അഖണ്ഡതയെ തന്നെ ബാധിക്കുമെന്ന നിലപാടാണ് ഇവര്‍ കൈകൊണ്ടത്.
ബംഗാളിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് സഖ്യം കേരളത്തിന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കേരളഘടകം. നേതാക്കളൊക്കെയും ഇക്കാര്യം നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗത്തിന് മുമ്പു തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിലേക്ക് നീങ്ങിയാല്‍ ഏത് നിലപാടിനാവും വിജയമെന്നതില്‍ ഇരുപക്ഷത്തും ആശങ്കയുണ്ട്. കാരാട്ട് പക്ഷത്തിന് ഭൂരിപക്ഷമുള്ള പിബിയില്‍ സഖ്യസാധ്യതയില്‍ ഭിന്നത രുക്ഷമായതോടെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് വിടാന്‍ തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റിയിലും ഇതേ അവസ്ഥ ഉടലെടുത്തത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it