Flash News

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്‌ : സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടികയില്‍ കേന്ദ്രത്തിന് അതൃപ്തി



തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ കേന്ദ്രത്തിന് അതൃപ്തി. സംസ്ഥാനതലത്തില്‍ അഭിപ്രായ സമന്വയത്തിലെത്തിയതിനു ശേഷം മാത്രം പട്ടിക കേന്ദ്രത്തിനു സമര്‍പ്പിക്കാനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം കേരളത്തില്‍നിന്നും പരിഗണിക്കേണ്ട കെപിസിസി അംഗങ്ങളുടെ ലിസ്റ്റ് സമര്‍പ്പിച്ചു. എന്നാല്‍, പട്ടിക കേന്ദ്രത്തില്‍ എത്തിയതിനു പിന്നാലെ പല മുതിര്‍ന്ന നേതാക്കളും പരാതിയുമായി കേന്ദ്രത്തെ സമീപിച്ചു. ഇതോടെ ലിസ്റ്റ് അംഗീകരിക്കാതെ നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം എം ഹസന്‍ തുടങ്ങിയ നേതാക്കള്‍ ഏഴിന് ഡല്‍ഹിയിലേക്കു പുറപ്പെടും. എംപിമാരോടും ചര്‍ച്ചകള്‍ക്കായി എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷമാവും പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അന്തിമരൂപം നല്‍കുക. കെപിസിസി നിര്‍വാഹകസമിതി ഭാരവാഹികള്‍, അധ്യക്ഷന്‍ എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പുകളും തുടര്‍ന്നുണ്ടായേക്കും. 282 കെപിസിസി അംഗങ്ങളും എക്‌സ് ഒഫിഷ്യോ അംഗങ്ങളും ഉള്‍പ്പെടെ 302 പേരുടെ പട്ടികയാണ് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചത്. എ, ഐ ഗ്രൂപ്പ് നേതാക്കളുടെ ഉഭയതല ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്്. എന്നാല്‍, ഇതേ ഗ്രൂപ്പുകളിലെ തന്നെ ഒറ്റയാന്‍മാരും വി എം സുധീരനെപ്പോലുള്ള നേതാക്കളും ഇടഞ്ഞു. ഇവരാണ് കേന്ദ്ര നേതൃത്വത്തിനോട് പരാതി ഉന്നയിച്ചത്. കെപിസിസി അംഗങ്ങളെ തിരഞ്ഞെടുത്തതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.  കെ വി തോമസ് ഉള്‍പ്പെടെയുള്ള എംപിമാരും സംസ്ഥാനത്തുനിന്നുള്ള ലിസ്റ്റില്‍ പ്രതിഷേധത്തിലാണ്. കെപിസിസി അംഗങ്ങളുടെ പട്ടിക അന്തിമമായാല്‍ മാത്രമേ കേരളത്തില്‍നിന്നുള്ള എഐസിസി അംഗങ്ങളെ തിരഞ്ഞെടുക്കാനാവൂ.
Next Story

RELATED STORIES

Share it