palakkad local

കോണ്‍ഗ്രസ് വോട്ടു കൊടുത്തു; സിപിഎമ്മിന് രണ്ടു സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍

പാലക്കാട്: പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടിന്റെ ബലത്തില്‍ രണ്ട് സ്ഥിരംസമിതികളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായി വി പി രഘുനാഥും മരാമത്ത് കാര്യ സ്ഥിരം സമിതി അദ്യക്ഷനായി അബ്ദുള്‍ ഷുക്കൂറുമാണ് വിജയിച്ചത്. യുഡിഎഫ് മല്‍സരരംഗത്ത് ഉണ്ടായിരുന്നിട്ടും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വോട്ടുകളടക്കം സിപിഎമ്മിനാണു ലഭിച്ചത്.
മൊത്തം ഒമ്പത് അംഗങ്ങളുള്ള ക്ഷേമകാര്യ സമിതിയില്‍ ബിജെപി 4, യുഡിഎഫ്3, എല്‍ഡിഎഫ്2 എന്നതാണ് കക്ഷിനില. അവിശ്വാസത്തിലൂടെ പുറത്തായ പി സ്മിതേഷിനെ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. യുഡിഎഫിന്റെ വി മോഹനനും എല്‍ഡിഎഫിന്റെ വിപി രഘുനാഥും മല്‍സരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയുടേത് ഉള്‍പ്പെടെ അഞ്ചുവോട്ട് നേടിയാണ് എല്‍ഡിഎഫിന്റെ വിപി രഘുനാഥ് ജയിച്ചത്. ബിജെപിക്ക് നാലു വോട്ട് ലഭിച്ചു. എട്ട് അംഗങ്ങളുള്ള മരാമത്ത് സ്ഥിരംസമിതിയില്‍ ബിജെപിക്കും യുഡിഎഫിനും മൂന്നുവീതം അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്.
ബിജെപിയുടെ എം സുനിലും യുഡിഎഫിന്റെ കെ ഭവദാസും എല്‍ഡിഎഫിന്റെ അബ്ദുള്‍ ഷുക്കൂറും മല്‍സരിച്ചു. ബിജെപിയുടെ മൂന്നിനെതിരെ അഞ്ചുവോട്ട് നേടി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചു. നേരത്തെ സിപിഎം അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തതിനാലാണു സ്ഥിരംസമിതികള്‍ക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്.
അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും സിപിഎം വോട്ടായിരുന്നു നിര്‍ണായകം. എന്നാല്‍ സിപിഎം സ്വന്തം സ്ഥാനാര്‍ഥിയെ മല്‍സരത്തിനിറക്കി. ഇതോടെ യുഡിഎഫ് സ്വന്തം വോട്ടുകള്‍ സിപിഎമ്മിന് നല്‍കുകയായിരുന്നു. നേരത്തെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇരുമുന്നണികളും വോട്ടുകള്‍ പരസ്പരം നല്‍കിയത്. അസാധാരണമായ കൂട്ടുകെട്ട് ഏറെ ചര്‍ച്ചയായിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നിറക്കുകയെന്ന ലക്ഷ്യം നേടാനാണ് സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it