Flash News

കോണ്‍ഗ്രസ്സില്‍ യുവകലാപം

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാന കോണ്‍ഗ്രസ്സില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ശാന്തമാക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നതിനിടയിലും നേതൃമാറ്റത്തിനായി മുറവിളി കൂട്ടി ഇളംതലമുറക്കാര്‍. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നടപടിയാണ് കലാപത്തിനു തിരികൊളുത്തിയത്.
രാജ്യസഭയിലേക്കു പരിഗണിക്കുമെന്ന് കരുതിയിരുന്ന ഷാനിമോള്‍ ഉസ്മാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതിഷേധം അറിയിച്ചു. സീറ്റ് വിട്ടുകൊടുത്തത് വലിയ ദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റാണെന്നും ഷാനിമോള്‍ പറഞ്ഞു.
കേരളത്തിലെ കഴിവുകെട്ട നേതൃത്വത്തെ മാറ്റാന്‍ എ കെ ആന്റണി ഇടപെടണമെന്ന് അനില്‍ അക്കരെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിവുകെട്ട നേതൃത്വവും ഉപദേശികളുമടക്കം സമൂലമായ മാറ്റം വേണം. ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച് കെ എസ് ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തി. പച്ചപ്പരവതാനിയുള്ള ലോക്‌സഭയില്‍ നിന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്ക് ചേക്കേറുമ്പോള്‍ മുന്നണി ശക്തിപ്പെടുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ വിമര്‍ശിച്ചു.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് വി ടി ബല്‍റാം എംഎല്‍എയും ആവശ്യപ്പെട്ടു. സ്വന്തം അധികാര പദവികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസ്സിന്റെയും മതേതര കേരളത്തിന്റെയും ഭാവിയെക്കുറിച്ച് ആത്മാര്‍ഥമായി ചിന്തിക്കുന്ന ഒരു നേതൃത്വമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നുവെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു. അതേസമയം, കേരളാ കോണ്‍ഗ്രസ്സിനെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവന്നതുപോലെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിനെയും മുന്നണിയിലെടുക്കണമെന്ന് ജോസഫ് വാഴക്കന്‍ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത തീരുമാനത്തിനെതിരേ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഇന്നലെയും ശക്തമായി രംഗത്തെത്തി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കിയ നടപടി ദുരൂഹസാഹചര്യത്തില്‍ നടന്ന അട്ടിമറിയാണെന്നാണ് സുധീരന്‍ പറഞ്ഞത്. ഉച്ചവരെ മാണിക്ക് സീറ്റ് വിട്ടുനല്‍കില്ലെന്നു പറഞ്ഞവര്‍ പിന്നീട് ദാനം ചെയ്തതായി സുധീരന്‍ ആരോപിച്ചു. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ്സിന്റെ സാധ്യതാ പട്ടികയിലുള്ളവരെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നതായുള്ള പ്രവര്‍ത്തകരുടെ സംശയം ബലപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, സീറ്റ് വിവാദത്തിലെ പ്രതിഷേധങ്ങള്‍ അവസാനിച്ചെന്നും ഇനി യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും കെ മുരളീധരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. അടുത്ത യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ ജീവവായുവാണെന്നും അത് തല്ലിക്കെടുത്താനാണ് ഒരുപറ്റം യുവ എംഎല്‍എമാര്‍ ഓലിയിടുന്നതെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തുറന്നടിച്ചു.
എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിച്ച് പ്രശ്‌നം വഷളാക്കാനില്ലെന്നു പറഞ്ഞ് മാണി വിവാദങ്ങളെ കൈയൊഴിഞ്ഞു.
Next Story

RELATED STORIES

Share it