കോണ്‍ഗ്രസ്സില്‍ അപ്രമാദിത്വം ഉറപ്പിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഒരാഴ്ച നീണ്ട കോണ്‍ഗ്രസ്സിലെ സീറ്റ് തര്‍ക്കത്തില്‍ വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വം. വിശ്വസ്തര്‍ക്ക് സീറ്റില്ലെങ്കില്‍ താനും മല്‍സരിക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട കടുത്ത ഭിന്നത പുറമേക്ക് നീങ്ങിയാല്‍ പൊട്ടിത്തെറിയാവും ഫലം എന്ന സ്ഥിതി വന്നതോടെയാണ് ഹൈക്കമാന്‍ഡും വഴങ്ങിയത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ മാറി നില്‍ക്കുകയാണെങ്കില്‍ താനും മല്‍സരിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ആരോപണവിധേയര്‍ മാറിനില്‍ക്കട്ടേയെന്ന വി എം സുധീരന്റെ അഭിപ്രായത്തിനൊപ്പം നിന്ന രാഹുല്‍ഗാന്ധിപോലും ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്ക് മുന്നില്‍ നിലപാട് മാറ്റി.
പൊട്ടിത്തെറി ഒഴിവായെന്ന ആശ്വാസമാണ് കോണ്‍ഗ്രസ്സിലെങ്കിലും ഇനിയുള്ള കാര്യങ്ങള്‍ അത്ര സുഗമമാവില്ല. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള അകല്‍ച്ച അത്രയേറെ വര്‍ധിച്ചിട്ടുണ്ട്.
മന്ത്രിമാരായ കെ സി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് പുറമെ ബെന്നി ബഹനാന്‍, എ ടി ജോര്‍ജ് എന്നിവരെ മാറ്റണമെന്ന ആവശ്യമാണ് സുധീരന്‍ മുന്നോട്ടുവച്ചത്. ഇങ്ങിനെയൊരു മാറ്റം നടക്കില്ലെന്ന് ആദ്യമേ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ കെ ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാത്രം മാറ്റിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചപ്പോഴും വഴങ്ങിയില്ല. മന്ത്രിസഭയിലെ ഒരാളെ മാറ്റുന്നത് പ്രതിപക്ഷ വിമര്‍ശത്തിന് സാധൂകരണം നല്‍കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
ഒരാളെ മാറ്റിയാല്‍ താനും മാറിനില്‍ക്കുമെന്ന് അറിയിച്ചതോടെ കാര്യങ്ങള്‍ കൈവിടുമെന്നായി. ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി കൊച്ചിയില്‍ ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ചു. സുധീരന്റെ നിലപാട് അംഗീകരിച്ച് ആരെയെങ്കിലും മാറ്റിയാല്‍ എ ഗ്രൂപ്പിലെ പ്രമുഖരൊന്നും മല്‍സരിക്കില്ലെന്ന സന്ദേശം നല്‍കി. പാര്‍ട്ടി പിളരുമോയെന്ന ആശങ്കപോലും ഉയര്‍ന്ന ഘട്ടത്തിലാണ് ഒത്തുതീര്‍പ്പ്. മുറിവേറ്റ മനസ്സുമായെത്തിയ സുധീരന്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നതിലാണ് ഇനിയുള്ള ശ്രദ്ധ മുഴുവന്‍. സുധീരനെ പുകഴ്ത്തി മുഖ്യമന്ത്രി രംഗത്തുവന്നത് തന്നെ അദ്ദേഹത്തെ തണുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്.
കോന്നി, തൃപ്പൂണിത്തുറ, തൃക്കാക്കര, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ ജയം അനിവാര്യമാണ്. അതുണ്ടായില്ലെങ്കില്‍ പാപഭാരം മുഴുവന്‍ ഉമ്മന്‍ചാണ്ടിയുടെ ചുമലിലാവും. അതേസമയം, പ്രബലര്‍ക്ക് വേണ്ടിയുള്ള ഏറ്റ്മുട്ടലില്‍ രണ്ടാംതലമുറയിലെ പലര്‍ക്കും സീറ്റ് സംഘടിപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞതുമില്ല. ഇതെല്ലാം കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയ സമവാക്യങ്ങളില്‍ പൊളിച്ചെഴുത്തിന് കാരണമായേക്കും.
Next Story

RELATED STORIES

Share it