Flash News

കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് ഐഎംസി അംഗീകാരം നഷ്ടപ്പെട്ടു



ആര്‍പ്പൂക്കര (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജിലെ എംബിബിഎസിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെട്ടു. 2016-17 അധ്യായന വര്‍ഷത്തെ ആകെയുള്ള 150 സീറ്റുകളുടെ അംഗീകാരമാണു നഷ്ടമായത്. അംഗീകാരം പുനസ്ഥാപിച്ചില്ലെങ്കില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടേതടക്കം 300 വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവി അനിശ്ചിതത്വത്തിലാവും. 2017 ജൂലൈ 26, 27 തിയ്യതികളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗ ണ്‍സില്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് അംഗീകാരം നഷ്ടപ്പെടാന്‍ ആവശ്യമായ ന്യൂനതകള്‍ കണ്ടെത്തിയത്. പ്രധാനമായി 10 ന്യൂനതകളാണ് അധികൃതര്‍ കണ്ടെത്തിയത്. ഇവ ഒരു മാസത്തിനകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംസി ആരോഗ്യ സര്‍വകലാശാലയ്ക്കും കോളജ് പ്രിന്‍സിപ്പലിനും അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കാതിരുന്നതാണ് അംഗീകാരം നഷ്ടമാവാന്‍ കാരണം. വിവിധ വിഭാഗങ്ങളിലായി 21 അധ്യാപകരുടെ കുറവ്, നാല് റസിഡന്റ് ഡോക്ടര്‍മാരുടെ കുറവ്, മൂന്നു വര്‍ഷമായി 12 പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്നു, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങി 10 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അംഗീകാരം റദ്ദു ചെയ്തിരിക്കുന്നത്. എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും, എന്നാല്‍ ന്യൂനതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഎംസി അറിയിപ്പു ലഭിച്ചിരുന്നെന്നും മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് പറഞ്ഞു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റിന്റെ അംഗീകാരം നഷ്ടപ്പെട്ടതു സംബന്ധിച്ച് ഐഎംസിയുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഈ ചെറിയ ന്യൂനതകള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it