kasaragod local

കോട്ടച്ചേരി മേല്‍പ്പാല നിര്‍മാണ പ്രവൃത്തി ഇന്ന് ആരംഭിക്കും

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഇന്ന് തുടക്കമാകും. തൂണുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുക്കുന്ന പ്രവര്‍ത്തിയാണ് ഇന്ന് രാവിലെ ആരംഭിക്കുക. ഇതിനുള്ള യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചു കഴിഞ്ഞു. റെയില്‍പാതയ്ക്കു കിഴക്കു ഭാഗമാണ് പ്രവൃത്തി നടക്കുക. 10 മീറ്റര്‍ വീതിയും 900 മീറ്റര്‍ ദൈര്‍ഘ്യവുമുള്ള പാലത്തിനു 15.60 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. ജിയോ ഫൗണ്ടേഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഒന്നര വര്‍ഷം കൊണ്ടു പാലം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. റെയില്‍പാളത്തിനും സംസ്ഥാന പാതയ്ക്കുമിടയില്‍ 12 തൂണുകയാണ് സ്ഥാപിക്കേണ്ടത്. ഒരാഴ്ചകൊണ്ടു ഇവയ്ക്കുള്ള കുഴി പൂര്‍ത്തിയാക്കി അടിഭാഗം ബലപ്പെടുത്തുന്ന ജോലി പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സാങ്കേതിക തടസമില്ലെങ്കില്‍ നിശ്ചിത സമയത്തിനകം തന്നെ പാലം പണി പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ്് കരാര്‍ കമ്പനി. റെയില്‍വേയുടെ ഭാഗത്തുനിന്നാണ് സാധാരണയായി സാങ്കേതിക തടസങ്ങള്‍ ഉണ്ടാവാറുള്ളത്. പാളത്തിന് മുകളിലുള്ള സ്പാന്‍ നിര്‍മാണം റെയില്‍വേയുടെ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്. പലപ്പോഴും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ നിര്‍മാണ പ്രവൃത്തി വൈകിപ്പിക്കുന്ന സമീപനമാണ് പല മേല്‍പാല നിര്‍മാണ രംഗത്തും കണ്ടിട്ടുള്ളത്. ബേക്കല്‍ പള്ളിക്കര റെയില്‍വേ മേല്‍പാലം പൂര്‍ത്തിയാക്കാന്‍ ആറു വര്‍ഷമാണെടുത്തത്. റെയില്‍വേയുടെ മെല്ലെപ്പോക്കായിരുന്നു ഇതിനു കാരണം. ഈ അവസ്ഥ കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കാതിരിക്കാനും നിര്‍മാണ പ്രവര്‍ത്തിക്ക് തടസം വരാതിരിക്കാനും സഹായ വാഗ്ദാനങ്ങളുമായി കര്‍മസമിതി രംഗത്തുണ്ട്.

Next Story

RELATED STORIES

Share it