kannur local

കോട്ടക്കുന്ന് നിവാസികള്‍ 26ന് കലക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

കാട്ടാമ്പള്ളി:  ജനവികാരം മാനിക്കാതെ ദേശീയപാത ബൈപാസ് പദ്ധതിയുമായി മുന്നോട്ടുപോവുന്ന അധികൃതരുടെ നടപടിക്കെതിരേ ചിറക്കല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ പ്രക്ഷോഭം ശക്തമാക്കുന്നു. 26ന് ജില്ലാ കലക്ടറുടെ വസതിയിലേക്ക് കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ കര്‍മസമിതി യോഗം തീരുമാനിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരും ഐക്യദാര്‍ഢ്യ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ദേശീയപാത 17ല്‍ തലപ്പാടി-കണ്ണൂര്‍ (130 കിലോമീറ്റര്‍), കണ്ണൂര്‍-വെങ്ങളം (82 കിലോമീറ്റര്‍) എന്നിവയാണ് മേഖലയിലൂടെ കടന്നുപോവുന്നത്. ഇതില്‍ വളപട്ടണം ചുങ്കത്ത് നിന്നാരംഭിച്ച് താഴെചൊവ്വയില്‍ ചേരുന്നതാണ് കണ്ണൂര്‍ ബൈപാസ്.
തുടക്കത്തില്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടക്കുന്നിലെ പ്രാഥമിക സര്‍വേ ദേശീയപാത അതോറിറ്റി നിര്‍ത്തിവച്ചിരുന്നെങ്കിലും പിന്നീട് പ്രദേശവാസികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി സര്‍വേ പൂര്‍ത്തിയാക്കി. കുറഞ്ഞ ചെലവില്‍ ദേശീയപാത വികസിപ്പിക്കാമെന്നിരിക്കെ, ജനവാസ കേന്ദ്രങ്ങളിലെ വീടുകള്‍ നശിപ്പിച്ച് ബൈപാസിനായി അധികൃതര്‍ സമ്മര്‍ദം ചെലുത്തുന്നത് സംശയാസ്പദമാണെന്നാണ് ഇരകളുടെ ആരോപണം. അശാസ്ത്രീയ രൂപരേഖ മാറ്റത്തിനെതിരേ പലവട്ടം പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ജില്ലാ കലക്ടര്‍, സ്ഥലം എംഎല്‍എ എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടും നിരാശയായിരുന്നു ഫലം.
ഇപ്പോള്‍ ത്രിഡി വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനെതിരേ കോട്ടക്കുന്ന് പാതയോരത്ത് കര്‍മസമിതി ഇക്കഴിഞ്ഞ ആറിന് ആരംഭിച്ച കുടില്‍കെട്ടി സമരം 15ാം ദിവസം പിന്നിട്ടിരിക്കുകയാണ്. മനുഷ്യത്വവിരുദ്ധ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു. പുനരധിവാസത്തിന് സംവിധാനമൊരുക്കാതെ നാട്ടുകാരെ പെരുവഴിയില്‍ ഇറക്കിവിടുന്നത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. ദേശീയപാത അതോറിറ്റിയും സര്‍ക്കാരും ഇരകളുടെ ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
കര്‍മസമിതി ചെയര്‍മാന്‍ എം എ ഹംസ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ ഭാവി സമരപരിപാടികള്‍ വിശദീകരിച്ചു. ഖജാഞ്ചി സഹധര്‍മന്‍, വൈസ് ചെയര്‍മാന്‍ പ്രദീപന്‍, കെ കെ സുഹൈല്‍, അശോകന്‍, വേണു, മൂസാന്‍കുട്ടി, ഷീന, താജുദ്ദീന്‍, അഹ്മദ്കുട്ടി, പത്മനാഭന്‍, സീനത്ത്, സുധീരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it