കോടതി പരാമര്‍ശങ്ങള്‍ ആയുധമാക്കി ഭരണ-പ്രതിപക്ഷ വാക്‌പോര്

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: കോടതിയുടെ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ആയുധമാക്കിയാണ് ഇന്നലെ നിയമസഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഏറ്റുമുട്ടിയത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് നടന്ന ചര്‍ച്ചയിലാണ് മുന്‍ കോടതി നിലപാടുകള്‍ പറഞ്ഞ് നേതാക്കള്‍ വാക്‌പോരിലേര്‍പ്പെട്ടത്. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയില്‍ വ്യക്തത തേടിക്കൊണ്ട് നല്‍കിയ പരാതി തള്ളിയതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഇത് സര്‍ക്കാരിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നേരത്തേ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെ മുരളീധരനും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ സര്‍ക്കാരിനേറ്റ കോടതി പ്രഹരങ്ങള്‍ എടുത്തുകാട്ടി പ്രതിപക്ഷത്തെ പ്രതിരോധിച്ചു. ഇപ്പോള്‍ കോടതിയുടെ ചെകിട്ടത്തടി ഓര്‍ക്കുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കാര്യങ്ങള്‍ ആലോചിച്ചായിരിക്കുമെന്ന് പരിഹസിച്ചാണ് മുഖ്യമന്ത്രി സംസാരം ആരംഭിച്ചത്. പാമോലിന്‍, സലിംരാജ്, ചാരക്കേസ് തുടങ്ങി യുഡിഎഫ് സര്‍ക്കാരിനെ അളവറ്റ് വിമര്‍ശിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസംഗം പുരോഗമിച്ചത്. പാമോലിന്‍ കേസില്‍ കഴിഞ്ഞ മുഖ്യമന്ത്രിക്കെതിരേയല്ലെ, സുപ്രിംകോടതി പരാമര്‍ശം നടത്തിയതെന്ന് പിണറായി ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പോലിസ് എങ്ങനെ സത്യസന്ധമായി കേസ്് അന്വേഷിക്കുമെന്നും സിബിഐ അന്വേഷിക്കുന്നതല്ലേ നല്ലതെന്ന് ചോദിച്ചതും സുപ്രിംകോടതിയാണ്. സോളാര്‍കേസില്‍ ഒത്തുതീര്‍ക്കാന്‍ ആരാണ് പണംകൊടുത്തതെന്ന് ചോദിച്ചത് അന്നത്തെ പ്രതിപക്ഷമല്ല, കോടതിയായിരുന്നുവെന്ന് പിണറായി ഓര്‍മപ്പെടുത്തി. പോലിസ് അന്വേഷണം നിഷ്പക്ഷമാവില്ലെന്ന് കോടതി പറഞ്ഞപ്പോള്‍ മുഖത്തടികിട്ടിയത് പിണറായി വിജയനല്ല, അന്ന് അടിയോടടിയായിരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പിഴയുടെ കാര്യം പറയുമ്പോള്‍ നമ്പിനാരായണന്റെ കാര്യവും കൂടി പറയണമല്ലോയെന്നും ആ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പറഞ്ഞില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. പുറ്റിങ്ങല്‍ അപകടം നടന്ന കൊല്ലം ജില്ലയില്‍ നിന്ന് ഒരാളെപ്പോലും വിജയിപ്പിക്കാന്‍ യുഡിഎഫിന് കഴിയാതിരുന്നത് ഇതിലുള്ള പ്രതിഷേധമാണെന്ന് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. മറുപടിയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പഴയ കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് പരിഹസിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചത്. ലാവ്‌ലിന്‍ കേസ് കൂടി പറയുമെന്നാണ് കരുതിയത്. ടിപിയെന്ന് കേള്‍ക്കുമ്പോള്‍ എന്താണ് ഈ സര്‍ക്കാരിന് പ്രശ്‌നമെന്ന് ചെന്നിത്തല ചോദിച്ചു. തുടര്‍ന്ന് എഴുന്നേറ്റ ടി പി രാമകൃഷ്ണന്‍ ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്ന് വ്യക്തമാക്കി. ആ സമയത്തും അതിനുശേഷവും താന്‍ തന്നെയായിരുന്നു അവിടെ ജില്ലാ സെക്രട്ടറി. പിന്നീട് ചില സംഘടനാപരമായ കാര്യങ്ങളാലാണ് മാറിയതെന്നും വ്യക്തമാക്കി. യുഡിഎഫ് കാലത്ത് മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്ന് സെന്‍കുമാറിനെ നിയമിച്ചത് ടി പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. നാല് ഡിജിപിമാരുടെ പട്ടികയുണ്ടായിട്ടും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പോലിസ് മേധാവിയുടെ നിയമനത്തിന് കമ്മിറ്റിയെ വയ്ക്കണമെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ സ്വന്തം നിലയില്‍ സെന്‍കുമാറിനെ വയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.പിണറായി പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമായിരുന്നപ്പോള്‍ ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്ക്കുക, ശ്രീവാസ്തവയെ പുറത്താക്കുകയെന്ന് തലപ്പാടി മുതല്‍ പാറശ്ശാലവരെ പോസ്റ്റര്‍ എഴുതിവച്ചിരുന്നുവെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. അന്ന് കരുണാകരന്‍ എന്തെങ്കിലും ചാരവൃത്തി നടത്തിയെന്നായിരുന്നില്ല കുറ്റം, അതിന് ശ്രമിച്ച ശ്രീവാസ്തവയെ സംരക്ഷിച്ചുവെന്നായിരുന്നു. ആ ശ്രീവാസ്തവ ഉപദേശിച്ചാലേ ഇപ്പോള്‍ മുഖ്യന് തൃപ്തിയാകുകയുള്ളൂവെന്നും മുരളീധരന്‍ പരിഹസിച്ചു. ഇന്നലെവരെ എല്ലാ കോടതിയിലും പോലിസ് ചീഫ് എന്ന് പറഞ്ഞ് വാദിച്ചിട്ട് നിയമനം ഹെഡ് ഓഫ് പോലിസ് എന്നാണെന്നും അതിന് വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് പോയത് മണ്ടത്തരമാണെന്ന് എം കെ മുനീര്‍ പരിഹസിച്ചു. സെന്‍കുമാറിന് ഓരോ ദിവസം കഴിയുന്തോറും ബാഹുബലിയുടെ പ്രതിച്ഛായയാണ് ഉണ്ടായി വരുന്നതെന്നും മുനീര്‍ പറഞ്ഞു.അതിനിടെ, ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നാവുടക്കി. ഗുജറാത്ത് കലാപത്തിലെ ഇര ബില്‍ക്കിസ് ബാനുവിനെ ബൈക്കിഷ് ബാനുവെന്ന് പറഞ്ഞാണ് ചെന്നിത്തലയെ നാവു ചതിച്ചത്.  ബില്‍ക്കിസ് ബാനു നടത്തിയ ഒറ്റയാള്‍ പോരാട്ടം സെന്‍കുമാര്‍ കേസുമായി താരതമ്യം ചെയ്തപ്പോഴാണ് ചെന്നിത്തലയെ നാക്ക് ചതിച്ചത്. ബില്‍ക്കിഷ് എന്ന് മൂന്ന് പ്രാവശ്യം ഉച്ചരിച്ച് പിന്നീട് ഒടുവില്‍ ബൈക്കിഷ് ബാനുവില്‍ എത്തിച്ചു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം അതു തിരുത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it