കോടതിയിലെ അക്രമം: റിപോര്‍ട്ട് പരസ്യപ്പെടുത്തണം



ന്യൂഡല്‍ഹി: പട്യാലഹൗസ് കോടതിവളപ്പില്‍ സംഘപരിവാര അഭിഭാഷകര്‍ നടത്തിയ അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയമിച്ച അഭിഭാഷക കമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ട് പരസ്യപ്പെടുത്താന്‍ നിര്‍ദേശം. കേസിലെ എല്ലാ കക്ഷികള്‍ക്കും റിപോര്‍ട്ട് കൈമാറാന്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രിംകോടതി നടപടി. ആക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍, അഭിഭാഷക കമ്മീഷന്‍, ഡല്‍ഹി പോലിസ്, ബാര്‍ കൗണ്‍സില്‍, ഡല്‍ഹി ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി, ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ അഭിഭാഷകന്‍ എന്നിവര്‍ റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. കേസ് അടുത്തമാസം 10നു വീണ്ടും പരിഗണിക്കും. കനയ്യകുമാറിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ റിപോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ പുറത്തുവരുന്നത് കേസിനെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്കുമാറും ഡല്‍ഹി പോലിസിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചു.

എന്നാല്‍, ഇതിനോട് കോടതി യോജിച്ചില്ല. കേസിന്റെ വസ്തുതകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും പട്യാലഹൗസ് കോടതിയിലെ അക്രമസംഭവങ്ങള്‍ മാത്രമേ പരിശോധിക്കുന്നുള്ളൂവെന്നും സുപ്രിംകോടതി വ്യക്തമാക്കി. പട്യാലഹൗസ് കോടതിയില്‍ കനയ്യകുമാറിന് മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കാനാണ് മുന്‍ കേന്ദ്ര നിയമമന്ത്രി കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷനെ സുപ്രിംകോടതി നിയോഗിച്ചത്. എന്നാല്‍, കമ്മീഷന്‍ അംഗങ്ങള്‍ക്കെതിരേയും കൈയേറ്റശ്രമമുണ്ടായി. ഭീതിനിറഞ്ഞ അന്തരീക്ഷമാണ് പട്യാലഹൗസ് കോടതിയിലുള്ളതെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്‍ റിപോര്‍ട്ട് നേരത്തേ സുപ്രിംകോടതി പരിഗണിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരും ഡല്‍ഹി പോലിസും വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണ് വിശദ പരിശോധനയ്ക്കായി ഇന്നലത്തേക്കു മാറ്റിയത്. അതിനിടെ, കനയ്യക്കും പ്രഫ. എസ് എ ആര്‍ ഗീലാനിക്കുമെതിരേ അഭിഭാഷകനായ വിനീത് ദണ്ഡ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്നാണ് പ്രതികളുടെ ആരോപണമെന്നും ഇതു കോടതിയലക്ഷ്യമാണെന്നുമുള്ള വാദം ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് അംഗീകരിച്ചില്ല. കര്‍ക്കര്‍ഡൂമ കോടതിയിലെ ഒരുസംഘം അഭിഭാഷകര്‍ സമര്‍പ്പിച്ച ഹരജിയും പരിഗണിച്ചില്ല.
Next Story

RELATED STORIES

Share it