World

കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ്്്- ദ. കൊറിയ വ്യോമാഭ്യാസം

സോള്‍: ഉത്തര കൊറിയയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് യുഎസും ദക്ഷിണകൊറിയയും സംയുക്ത വ്യോമാഭ്യാസം ആരംഭിച്ചു. അഞ്ച് ദിവസം നീളുന്ന വിജിലന്റ് എയ്‌സ് എന്ന വ്യോമാഭ്യാസം വെള്ളിയാഴ്ച അവസാനിക്കും. ആറ് എഫ്-22 റാപ്റ്റര്‍ സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനങ്ങളും 230 മറ്റ് പോര്‍വിമാനങ്ങളുമാണ് കൊറിയന്‍ മേഖലയില്‍ എത്തിച്ചേര്‍ന്നത്. എഫ്-35 വിമാനങ്ങളും അഭ്യാസത്തില്‍ ഉള്‍പ്പെടുന്നതായി യുഎസ് വ്യോമസേന അറിയിച്ചു. 12,000ഓളം വരുന്ന യുഎസ് സൈനിക സംഘവും അഭ്യാസത്തില്‍ പങ്കെടുക്കും. നാവിക സേനാംഗങ്ങളും ഇതിലുള്‍പ്പെടുന്നു. ദക്ഷിണകൊറിയയുടെ ബി-1 ബി ബോംബര്‍ വിമാനങ്ങളുമുണ്ട്്. ഇതുവരെ മേഖലയില്‍ വിന്യസിച്ചിരിക്കുന്നതില്‍ ഏറ്റവും വിപുലമായ സൈന്യത്തെയാണ് യുഎസും ദക്ഷിണ കൊറിയയും അണിനിരത്തിയിരിക്കുന്നത്. കൊറിയന്‍ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്ക് തള്ളിവിടുന്നതാണ് യുഎസിന്റെ നീക്കമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹ്വാസോങ് 15 ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതായുള്ള ഉത്തര കൊറിയയുടെ പ്രഖ്യാപനം പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് യുഎസും ദക്ഷിണ കൊറിയയും വ്യോമാഭ്യാസം ആരംഭിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍  ഉത്തര കൊറിയ പരീക്ഷിച്ചത്. യുഎസിലെ ഏത് പ്രദേശവും ലക്ഷ്യംവച്ച് ആക്രമിക്കാന്‍ സാധിക്കുന്നതാണ് 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്വാസോങ് മിസൈല്‍. മിസെല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത്തര കൊറിയയെ എല്ലാ രാജ്യങ്ങളും ഒറ്റപ്പെടുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായുള്ള യുദ്ധസാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്റര്‍ പറഞ്ഞു.യുഎസുമായുള്ള സംയുക്ത സൈനികാഭ്യാസം ദക്ഷിണ കൊറിയയില്‍ പ്രതിഷേധത്തിനു കാരണമായി. സോളില്‍ പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it