malappuram local

കൊണ്ടോട്ടി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കുന്നു

കൊണ്ടോട്ടി: കൊണ്ടോട്ടി മിനി സിവില്‍സ്‌റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കുന്നു. കൊണ്ടോട്ടി താലൂക്ക് തലത്തില്‍ സ്ഥാപിക്കേണ്ട ഓഫിസുകളുടെ രൂപവല്‍കരണ പ്രവര്‍ത്തന അവലോകനത്തിനായി കലക്ടറേറ്റില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതിയോഗത്തില്‍ തീരുമാനം കൈകൊണ്ടു.
സിവില്‍ സ്‌റ്റേഷനായി നിയോഗിക്കപ്പെട്ട നഗരസഭ ഓഫിസിനോടുചേര്‍ന്ന സ്ഥലത്ത് കെട്ടിടം നിര്‍മാണത്തിനായുള്ള സാങ്കേതിക തടസ്സം നീക്കി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ഇതിനായി പ്രാദേശിക സമിതി ചേര്‍ന്ന് ശുപാര്‍ശ സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നെല്‍വയല്‍ നികത്തുന്നത് ഇളവ് വരുത്തിയ പുതിയ തീരുമാനം പ്രതീക്ഷയേകുന്നുമുണ്ട്.
കൊണ്ടോട്ടി നഗരസഭ കാര്യാലയത്തിന് സമീപത്ത് വയല്‍ പ്രദേശത്ത് മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണ അനുമതിക്ക് നേരത്തെ ശ്രമം നടത്തിയെങ്കിലും സാങ്കേതിക തടസ്സംമൂലം കഴിഞ്ഞിരുന്നില്ല. പിന്നീട് കൊണ്ടോട്ടി പോലിസ് സ്‌റ്റേഷന് പിറകിലെ കാന്തക്കാട് ഭാഗത്തെ സ്ഥലവും, വിമാനത്താവള റോഡ് കൊളത്തൂരിലെ മറ്റൊരു സ്ഥലവും പരിശോധന നടത്തിയെങ്കിലും പ്രയോജനപ്പെടുത്താനായിരുന്നില്ല.
കൊണ്ടോട്ടി നഗരസഭയുടെ അധീനതയിലുള്ള സ്ഥലം തന്നെ പ്രയോജനപ്പെടുത്തിയാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ആശ്വാസമാവും. വയല്‍ പ്രദേശമായതിനാലാണ് നിലവില്‍ സാങ്കേതികക്കുരുക്കുള്ളത്.
എന്നാല്‍, സര്‍ക്കാര്‍ പദ്ധതികള്‍ക്കും, സര്‍ക്കാറിന് നേരിട്ട് പങ്കാളിത്വമുള്ള പദ്ധതികള്‍ക്കും ഇളവ് നല്‍കാനാണ് പുതിയ തീരുമാനം. ഇത് മുന്‍നിര്‍ത്തി സര്‍ക്കാറിനെ സമീപിക്കും. കൊണ്ടോട്ടി മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് മിനി സിവില്‍ സ്‌റ്റേഷന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ കൊണ്ടോട്ടി താലൂക്ക് ഓഫിസ് കുറുപ്പത്തും, സിവില്‍ സപ്ലെ ഓഫിസ് കൊണ്ടോട്ടി 17 ലുമാണ് പ്രവര്‍ത്തിക്കുന്നത്.
ഇതടക്കമുളള ഓഫിസുകള്‍ ഒരിടത്തേക്ക് മാറ്റുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഏറെ പ്രയോജനമാവും.
പല ഓഫിസുകള്‍ പല ദിവസം കയറിയിറങ്ങേണ്ട അവസ്ഥയും ഇല്ലാതാവും.
Next Story

RELATED STORIES

Share it