malappuram local

കൊണ്ടോട്ടി മല്‍സ്യ മാര്‍ക്കറ്റിലെ സംഘര്‍ഷം; യുവാവ് അറസ്റ്റില്‍



കൊണ്ടോട്ടി: കൊണ്ടോട്ടി മല്‍സ്യ മൊത്തവിതരണ മാര്‍ക്കറ്റിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. കൂട്ടാലുങ്ങല്‍ ചിറയില്‍ നെല്ലേങ്ങര മുഹമ്മദ് അനീസിനെയാണ്(32) കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തത്. പോലിസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ സപ്തംബര്‍ 14നാണ് മാര്‍ക്കറ്റില്‍ സംഘര്‍ഷമുണ്ടായത്. ഹൈക്കോടതി വിധിപ്രകാരം പോലിസ് സംരക്ഷണത്തില്‍ പുതിയ കരാറുകാര്‍ കച്ചവടം നടത്താന്‍ എത്തി. ഇതോടെ പഴയ കരാറുകാരും തൊഴിലാളികളില്‍ ഒരു വിഭാഗവും എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം നടന്നതെന്ന് പോലിസ് പറഞ്ഞു.സംഘര്‍ഷത്തില്‍ പോലിസിനുനേരെ ആക്രമണവുമുണ്ടായിരുന്നു. ഈ കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരേ പോലിസ് കേസ് എടുത്തിട്ടുണ്ട്. ഇതില്‍ ഒരാളാണ് അറസ്റ്റിലായിരിക്കുന്നത്. അഞ്ച് പേര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, മാര്‍ക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് വ്യാഴാഴ്ച നഗരസഭ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിനിടെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കൊണ്ടോട്ടി മല്‍സ്യമൊത്ത വിതരണ മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്യന്നത് പോലിസ് പരിഗണനയിലുണ്ട്. എംഎല്‍എ അടക്കമുള്ളവര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും അനുരഞ്ജനത്തിലൂടെ പ്രശ്‌നം പരിഹരിക്കാത്തതാണ് പോലിസ് നിലപാടിന് കാരണം. പഴയ കരാറുകാര്‍ പുതിയ കരാറുകാരോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലിസ് മാര്‍ക്കറ്റില്‍ ഇടപെട്ടാല്‍ വീണ്ടും അക്രമവും കൈയാങ്കളിയും ഉണ്ടായേക്കും. ആയിരത്തിലേറെ തൊഴിലാളികള്‍ മാര്‍ക്കറ്റില്‍ പണിയെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ക്രമസമാധാന നില മുന്‍നിര്‍ത്തി മാര്‍ക്കറ്റ് അടച്ചിടണമെന്ന് നിര്‍ദേശിക്കുന്ന റിപോര്‍ട്ട് ആര്‍ഡിഒക്ക് കൈമാറാനാണ് പോലിസ് ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it