malappuram local

കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ മാര്‍ക്കറ്റ് പ്രവര്‍ത്തനം രണ്ടാംദിവസവും മുടങ്ങി



കൊണ്ടോട്ടി: കരാറുകാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊണ്ടോട്ടി മല്‍സ്യമൊത്തവിതര മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം രണ്ടാം ദിവസവും മുടങ്ങി. തിങ്കളാഴ്ച രാത്രി ഒരാളെ കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തനം നിലച്ചത്. കഴിഞ്ഞ മാസം 14ന് ഹൈക്കോടതി വിധിപ്രകാരം പോലിസ് സംരക്ഷണത്തില്‍ പുതിയ കരാറുകാര്‍ കച്ചവടം നടത്താന്‍ എത്തിയ സമയത്ത് സംഘര്‍ഷം നടന്നിരുന്നു. കൈയ്യാങ്കളിക്കിടെ പോലിസിന് നേരെയും ആക്രമണമുണ്ടായി. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. അഞ്ചുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ വിധി വരുന്നതിന് അനുസരിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.  മാര്‍ക്കറ്റ് നടക്കാത്തത് തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി. കൊണ്ടോട്ടിയിലും പരിസരത്തുമുള്ള ചെറുകിട കച്ചവടക്കാര്‍ ബേപ്പൂര്‍, മഞ്ചേരി മാര്‍ക്കറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള സ്വകാര്യ സ്ഥലം ഏറ്റെടുക്കുന്നത് നഗരസഭയുടെ പരിഗണനയിലുണ്ട്. മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് സ്വകാര്യ സ്ഥലവും ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നത്. തുടര്‍ന്ന് വിഷയം കൗണ്‍സിലിന്റെ അംഗീകാരത്തിനായി മാറ്റി. നിലവില്‍ 90 സെന്റ് സ്ഥലത്താണ് നഗരസഭ മാര്‍ക്കറ്റുള്ളത്. കൂടാതെ, 15 സെന്റ് സ്ഥലം സ്വകാര്യവ്യക്തികള്‍ കൈമാറിയിട്ടുമുണ്ട്. ഈ സ്ഥലത്തെ സംബന്ധിച്ച് നിലവില്‍ മഞ്ചേരി മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുകയാണ്.  മാര്‍ക്കറ്റ് പ്രവര്‍ത്തനം തൊഴിലാളികളെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഉപസമിതി യോഗത്തിലും കൗണ്‍സിലിലും തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു. മാര്‍ക്കറ്റിലെ പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കും. അനധികൃതമാര്‍ക്കറ്റിനെതിരേ നിയമനടപടി, തര്‍ക്കമില്ലാത്ത നഗരസഭയുടെ സ്ഥലത്തിന് ചുറ്റും വേലികെട്ടി തിരിക്കുക തുടങ്ങിയ നടപടികള്‍ നഗരസഭ സ്വീകരിക്കും.
Next Story

RELATED STORIES

Share it