kannur local

കൊട്ടിയൂര്‍ പീഡനം: വിചാരണ 28ന് ആരംഭിക്കും



തലശ്ശേരി: കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച കേസിന്റെ വിചാരണ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ഈ മാസം 28ന് ആരംഭിക്കും. വിചാരണ ഇന്നലെ തുടങ്ങാനിരുന്നതായിരുന്നു. എന്നാല്‍ കോടതി നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. പോക്‌സോ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ച ഇത്തരം കേസുകള്‍ ഒരുമാസത്തിനകം വിചാരണ ആരംഭിക്കണമെന്ന പാര്‍ലമെന്റ് പാസാക്കിയ നിയമം അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ജെ ജോണ്‍സണ്‍ ധരിപ്പിച്ചു. അതിനാല്‍ മുന്‍ഗണനാ ക്രമം മറികടന്ന് കേസ് വിചാരണ നടപടി ആരംഭിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോടതിയില്‍ ഉടന്‍ ഹാജരാക്കി വേഗത്തില്‍ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. കൊട്ടിയൂര്‍ െസന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജറുമായിരുന്ന ഫാദര്‍ േറാബിന്‍ വടക്കുംചേരി(48)യാണ് മുഖ്യപ്രതി. ഫെബ്രുവരി 17നാണ് പതിനാറുകാരിയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പേരാവൂര്‍ പോലിസ് കേസെടുത്തത്. കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇയാളെ ഫെബ്രുവരി 28ന് അങ്കമാലിയില്‍വച്ച് പിടികൂടിയിരുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞ് മുഖ്യപ്രതിയുടേതു തന്നെയെന്ന് ഡിഎന്‍എ ഫലം പുറത്തുവന്നിരുന്നു. കുഞ്ഞ് പട്ടുവത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അനാഥമന്ദിരത്തിലാണ്. കന്യാസ്ത്രീകളും വൈദികരും ഡോക്ടര്‍മാരും ഉള്‍പ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
Next Story

RELATED STORIES

Share it