Flash News

കൊടുങ്കാറ്റിലുലഞ്ഞു തീരത്തെ പെണ്‍ജീവിതം; കഴുത്തുഞെരിച്ചു വട്ടിപ്പലിശക്കാരും- 5

എം  ബി  ഫസറുദ്ദീന്‍

ഓഖി ദുരന്തത്തില്‍ മരിക്കുകയോ, കാണാതാവുകയോ ചെയ്ത കുടുംബങ്ങളെ പോലെ കടുത്ത പ്രതിസന്ധി നേരിടുകയാണു കടലിന്റെ അരികു പറ്റി ജീവിക്കുന്ന മല്‍സ്യത്തൊഴിലാളികളായ സ്ത്രീജീവിതങ്ങള്‍. പുലര്‍ച്ചെ തീരത്തെത്തി മീന്‍ വാങ്ങി ചന്തകളിലേക്ക് എത്തിക്കുന്ന പതിവു രീതി രണ്ടാഴ്ചയായി താളംെതറ്റി. വീടുകളിലും ചാല, കുമരിച്ചന്ത തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളിലും മീന്‍ വിറ്റ് ഉപജീവനം നടത്തുന്നവരുടെയും മീന്‍സംഭരണി, ഐസ് നിര്‍മാണം, ഉണക്കമീന്‍ സംസ്‌കരണശാലകള്‍ എന്നിവിടങ്ങളിലും പണിയെടുക്കുന്നവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഈ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണു വൃദ്ധയായ നടുത്തുറ സ്വദേശിനി സരോജം. നിര്‍ധനരും രോഗികളുമായ മൂന്നു മക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടെ വലിയൊരു കുടുംബം. അതിന്റെ അത്താണിയാണ് ഇവര്‍. വിഴിഞ്ഞത്തെയും പൂന്തുറയിലെയും ശരാശരി മല്‍സ്യക്കച്ചവടക്കാരിയെ പോലെ  കഠിനാധ്വാനി. മക്കളും പേരമക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പകറ്റാന്‍ പൂന്തുറ കടപ്പുറത്തു നിന്നു ചാലയിലെത്തി മീന്‍ വില്‍ക്കുന്ന ഇവരുടെ ജീവിതം ഓഖി ദുരന്ത ശേഷം കൊടിയ ദുരിതത്തിലാണ്. കുടുംബം തീര്‍ത്തും പട്ടിണിയിലായി. പേരക്കുട്ടികള്‍ മുമ്പത്തേതു പോലെ ചുറ്റുംകൂടി മിഠായിക്കുള്ള ചില്ലറത്തുട്ടുകള്‍ ചോദിക്കുമ്പോള്‍ കാലിയായ മടിശ്ശീല നോക്കി കണ്ണുനിറഞ്ഞ് നെടുവീര്‍പ്പിടുകയാണ് ഇവര്‍. ദുരന്തമെത്തി രണ്ടാഴ്ച പിന്നിടുമ്പോഴും വീട്ടിലൊന്നും വേവിക്കാറില്ല. ഭര്‍ത്താവിന്റെ അനിയന്‍ ഡെന്‍സനെ കടലില്‍ പോയിട്ടു കാണാനില്ല. നോട്ടു നിരോധനത്തിനു മുമ്പ് പണം കടം കിട്ടുമായിരുന്നു. ഇപ്പോള്‍ അതുമില്ല. മുമ്പെടുത്ത വായ്പയ്ക്കു മാസം പലിശ കൊടുക്കാനും പണമില്ലെന്നു സരോജം പറയുന്നു. കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന പുരുഷന്‍മാരുടെ അത്രയും തന്നെയുണ്ടു വിഴിഞ്ഞം, പൂന്തുറ കടപ്പുറത്തു മീ ന്‍കച്ചവടം നടത്തുന്ന സ്ത്രീകളും. എന്നാല്‍ കച്ചവടക്കാരായ സ്ത്രീകളുടെ ഈ വലിയ സഞ്ചയത്തെ ആരും കണക്കിലെടുക്കാറില്ല. ഫിഷറീസ് ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം കേരളത്തിലെ മൊത്തം പുരുഷ കടല്‍മല്‍സ്യത്തൊളിലാളികള്‍ 3.02 ലക്ഷമാണെങ്കില്‍ സ്ത്രീകള്‍ 2.70 ലക്ഷമുണ്ട്. ഓഖി ദുരന്തത്തിനു ശേഷം ഇവര്‍ക്കു മീന്‍ കിട്ടാനില്ലെന്നു മാത്രമല്ല, കടലിന്റെ കുറച്ചകലെ മാത്രം പോയി മീന്‍ പിടിക്കുന്ന വള്ളക്കാരില്‍ നിന്നു കിട്ടുന്ന നാമമാത്രമായ മീനുകള്‍ ആളുകള്‍ വാങ്ങാനും മടിക്കുന്നു. മനുഷ്യശരീരം കടലില്‍ ഒഴുകി നടക്കുന്നതു കൊണ്ടാണ് ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത്. എന്നാല്‍ സാധാരണ മീനുകള്‍ മനുഷ്യശരീരം കൊത്താറില്ലെന്നു തീരവാസികള്‍ പറയുന്നു. വിഴിഞ്ഞത്തു മാത്രം ഇത്തരത്തില്‍ മീന്‍ വില്‍പന നടത്തി ജീവിക്കുന്ന നൂറുകണക്കിനു സ്ത്രീകളുണ്ട്. തുറമുഖത്തു നിന്നു പുലര്‍ച്ചെ മീന്‍ വാങ്ങി തലച്ചുമടായി കൊണ്ടുനടന്നു വില്‍ക്കുന്നവര്‍ വേറെയും. എല്ലാവര്‍ക്കും പറയാനുള്ളതു പട്ടിണിയുടെ കഥകള്‍. മറ്റു ദുര്‍വ്യയങ്ങളൊന്നുമില്ലാതെ കിട്ടുന്ന പണം മുഴുവനും വീട്ടിലേക്കെത്തിക്കുന്നവര്‍. മദ്യപാനത്തിലൂടെ തകര്‍ന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം താളബന്ധമാക്കുന്നതും ഈ സ്ത്രീകളാണ്. മീന്‍ കച്ചവടം കൊണ്ടു വലിയ നേട്ടം ഉണ്ടാക്കിയവരല്ല ഇവരാരും. ജീവിക്കാനും മക്കളെ നോക്കാനും എന്നതിലപ്പുറം ഒരു സ്വപ്‌നവും ഇല്ലാത്തവര്‍. ചെറിയ ജീവിതവുമായി മീന്‍ വിറ്റ് അന്നന്നത്തെ ജീവിതം കഴിച്ചുകൂട്ടി വരുമ്പോഴാണ് ഓഖിയുടെ രൂപത്തില്‍ ദുരന്തം പിടികൂടിയത്. കടപ്പുറത്തെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ബാങ്കില്‍ കടബാധ്യതയുണ്ട്. മക്കളുടെ വിവാഹത്തിനും വീടിന്റെ പണിക്കുമായി എടുത്ത തുകയാണുണു പലര്‍ക്കും ബാധ്യത. ഓഖി ദുരിതത്തിനിടയിലും മുതലെടുക്കാന്‍ വട്ടിപ്പലിശക്കാരും തീരത്തു തമ്പടിച്ചിരിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ട ആളുകള്‍ വട്ടിപ്പലിശക്കാരില്‍ നിന്ന് അത്യാവശ്യ ചെലവിനായി പണം വാങ്ങുന്നതും വ്യാപകമാണ്. ഒരുലക്ഷം രൂപയ്ക്ക് 2000 രൂപയാണു മാസം പലിശ. ഇത്തരത്തില്‍ നാലും അഞ്ചും ലക്ഷം രൂപ പലിശയ്ക്കു വാങ്ങിയവരുണ്ട്. പൂന്തുറ, വലിയതുറ, വിഴിഞ്ഞം എന്നീ തീരദേശങ്ങളില്‍ പരിചയമുള്ള മല്‍സ്യത്തൊഴിലാളികളെ കേന്ദ്രീകരിച്ചാണു സംഘം ഇവിടെ എത്തിയിട്ടുള്ളത്. മാര്‍ത്താണ്ഡം, കുഴിത്തുറ, പാറശാല, കന്യാകുമാരി ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നു വട്ടിപ്പലിശയ്ക്കു പണം നല്‍കുന്ന ആളുകളും മലയോര മേഖലയായ നെടുമങ്ങാട്, പാലോട്, വിതുര എന്നിവിടങ്ങളിലെ ചെറുപലിശ സംഘങ്ങളും ഇവിടെ എത്തിയിട്ടുണ്ട്. ഇനി വിഴിഞ്ഞം, വലിയതുറ, പൂന്തുറ എന്നിവിടങ്ങളിലെ മീന്‍പിടിത്തം തുടങ്ങിയാലേ നഗരത്തിലെ ചന്തകള്‍ ഉണരൂ. എങ്കി ല്‍ മാത്രമേ തീരങ്ങളിലെ കുടുംബങ്ങളില്‍ സന്തോഷം അലയടിക്കൂ. കടലിലെ മരണങ്ങളുടെയും നഷ്ടങ്ങളുടെയും ആഘാതം പിന്നിട്ട് ഇനിയെന്നാണു കച്ചവടനാളുകള്‍ പുലരുകയെന്നാണ് ഇവരുടെ ആശങ്ക. ഏകോപനം: എച്ച് സുധീര്‍(നാളെ: വന്നുപോവുന്ന പ്രഖ്യാപനങ്ങള്‍; ഇടവേളകളില്ലാതെ ദുരിതജീവിതം മുന്നോട്ട് )
Next Story

RELATED STORIES

Share it