Flash News

കൊച്ചി മെട്രോ : സ്‌നേഹസദ്യയൊരുക്കി കെഎംആര്‍എല്‍



കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാന്‍ പണിയെടുത്ത തൊഴിലാളികള്‍ക്കായി സ്‌നേഹസദ്യയൊരുക്കി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. തൂശനിലയില്‍ വിളമ്പിയ വിഭവങ്ങളുടെ സ്വാദല്ല, കേരളം നല്‍കിയ സ്‌നേഹമായിരുന്നു സദ്യകഴിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ കണ്ണുകളില്‍ നിഴലിച്ചത്. 17ന് മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് തൊഴിലാളികള്‍ക്കായി കെഎംആര്‍എല്‍ തനി മലയാളി രീതിയില്‍ സദ്യയൊരുക്കിയത്. ടിഡി റോഡിലെ എസ്എസ് കലാമന്ദിറിലായിരുന്നു സദ്യ. 600ലേറെ തൊഴിലാളികള്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സദ്യ കഴിച്ചു. ഇതി ല്‍ പലരും സദ്യ കാണുന്നതു തന്നെ ആദ്യമായിട്ടായിരുന്നു. അസം, തമിഴ്‌നാട്, ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ ഏറെയും. പലരും വര്‍ഷങ്ങളായി മെട്രോയിലെ തൊഴിലാളികളാണ്. കൊച്ചിയില്‍ മെട്രോ ഓടുമ്പോ ള്‍ തമിഴ്‌നാട് തിരുച്ചി സ്വദേശി സെല്‍വരാജിനും അസം സ്വദേശി മുക്തിനാഥ് ദാസിനും സ്വന്തം നാട്ടില്‍ മെട്രോ ഓടുന്ന സന്തോഷമാണ്. കേരളത്തെ ഏറെ ഇഷ്ടപ്പെെട്ടന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുന്നു. എന്നാല്‍, പപ്പടവും അവിയലും പായസവും അടങ്ങുന്ന സദ്യ ഇലയില്‍ വിളമ്പിയപ്പോള്‍ അസം സ്വദേശി മനോജ് ബറുവ ആകെ ബുദ്ധിമുട്ടി. ഒന്നും മനസ്സിലാവുന്നില്ലെന്നായിരുന്നു മനോജിന്റെ പ്രതികരണം. രണ്ടു വര്‍ഷമായി കേരളത്തില്‍ എത്തിയിട്ടെങ്കിലും ആദ്യമായാണ് സദ്യ ഉണ്ണുന്നത്. മെട്രോ തൊഴിലാളികള്‍ക്കായി സദ്യ ഒരുക്കിയത് സര്‍ക്കാരിന്റെ കൂടെ താല്‍പര്യത്തോടെയാണെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ ഒരു വിരുന്നു നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it