ernakulam local

കൊച്ചി മണ്ഡലത്തില്‍ യുഡിഎഫിന്റെ നില പരുങ്ങലിലാവും

മട്ടാഞ്ചേരി: ശക്തനായ കോണ്‍ഗ്രസ് വിമതന്‍ കെ ജെ ലീനസ് മല്‍സര രംഗത്ത് എത്തിയത് യുഡിഎഫിന്റെ നില പരുങ്ങലിലാക്കും. ശക്തനായ വിമതനാണ് മല്‍സരിക്കുന്നതെന്നത് യുഡിഎഫ് ക്യാംപിനെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
അവസാന നിമിഷം ലീനസ് പിന്‍മാറുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ് ക്യാംപ്. ലീനസിനെ പിന്‍മാറ്റാന്‍ കെപിസിസി പ്രസിഡന്റുവരെ ഇടപെട്ടെങ്കിലും ഉറച്ച നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു ലീനസ്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും അതെല്ലാം ലീനസ് നിരസിക്കുകയായിരുന്നു. തോല്‍പിക്കാന്‍ വേണ്ടിയല്ല മറിച്ച് ജയിക്കാന്‍ വേണ്ടിയാണ് മല്‍സരിക്കുന്നതെന്നാണ് ലീനസ് പറയുന്നത്. ഈ വാക്കുകള്‍ തന്നെയാണ് യുഡിഎഫിനെ ഭയപ്പെടുത്തുന്നതും. ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളില്‍ ലീനസിനുള്ള സ്വാധീനവും വീണ്ടും മല്‍സരിക്കാനുള്ള ഡൊമിനിക് പ്രസന്റേഷന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നിട്ടുള്ള അസംതൃപ്തിയുമൊക്കെ ലീനസിന് അനുകൂലമായി വരുമോയെന്ന ആശങ്കയിലാണ് യുഡിഎഫ്.
ചെല്ലാനം, കുമ്പളങ്ങി ഡിവിഷനുകളെ പ്രതിനിധീകരിച്ച് രണ്ടു തവണ ജില്ലാ പഞ്ചായത്തിലേക്കെത്തിയ ലീനസ് ഒരു തവണ ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്.
കഴിഞ്ഞ തവണ ഇവിടെനിന്ന് മല്‍സരിച്ച ഡൊമിനിക് പ്രസന്റേഷന്റെ സ്ഥാനാര്‍ഥിയായ സൂസണ്‍ ജോസഫ് പരാജയപ്പെടുകയും ആദ്യമായി ഇടത് മുന്നണി വിജയം നേടുകയും ചെയ്തിരുന്നു. മാത്രമല്ല കോണ്‍ഗ്രസ് വിമതനായി കുമ്പളങ്ങി പഞ്ചായത്തില്‍ മല്‍സരിച്ച് ജയിച്ച എംപി രത്തനടക്കമുള്ളവര്‍ ലീനസിനുവേണ്ടി വാശിയോടെ പ്രചാരണ രംഗത്ത് നില്‍ക്കുകയാണ്. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, തോപ്പുംപടി മേഖലയിലും കോണ്‍ഗ്രസ് വിമതരായി മല്‍സരിച്ചവരെല്ലാം ലീനസിനായി സജീവമായി രംഗത്തുണ്ടെന്നതും കോണ്‍ഗ്രസ്സിനെ അലട്ടുന്നു.
ഐഎന്‍ടിയുസിയിലെ ഒരു വിഭാഗവും ലീനസിനായി രംഗത്തുണ്ട്.
ലീനസിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലുണ്ടായ വന്‍ ജനപങ്കാളിത്തം ഇരു മുന്നണികളേയും ഞെട്ടിച്ചിരുന്നു. റോഡ് ഷോ ഉള്‍പ്പെടെ നടത്തി പ്രചാരണത്തിലും ലീനസ് മുന്നേറ്റം നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it