ernakulam local

കൊച്ചിയില്‍ നിന്ന് പോയ ഇരുന്നൂറോളം മല്‍സ്യബന്ധന ബോട്ടുകള്‍ കടലില്‍ കുടുങ്ങി

മട്ടാഞ്ചേരി: കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ഇരുന്നൂറോളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി. കാലാവസ്ഥയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കടലില്‍ മല്‍സ്യബന്ധനം നടത്തിയിരുന്ന മുന്നൂറോളം ബോട്ടുകള്‍ ഹാര്‍ബറില്‍ തിരിച്ച് എത്തിയിട്ടുണ്ട്.ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന ഗില്‍നെറ്റ് ബോട്ടുകള്‍ ദിവസങ്ങളോളം കടലില്‍ കഴിയാറുണ്ട്. ആയതിനാല്‍ കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചിരിക്കുവാനും സാധ്യതയില്ല. ബോട്ടുകള്‍ തീരത്തെത്താതിരുന്നത് മൂലം തൊഴിലാളികളുടെ ബന്ധുക്കള്‍ ആശങ്കയിലാണ്. തൊഴിലാളികള്‍ ഏറെയും തമിഴ്‌നാട്ടുകാരായതിനാല്‍ ഇവരുടെ ബന്ധുക്കള്‍ കൊച്ചിയിലെ കച്ചവടക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.200 ബോട്ടുകളിലായി രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത്. ഇവര്‍ മല്‍സ്യബന്ധനം നടത്തുന്നത് തെക്ക് ഭാഗത്താണ്. ചുഴലിക്കാറ്റിന്റെ കെടുതികള്‍ കൂടുതല്‍ ഉണ്ടായതും തെക്ക് ഭാഗത്തായതിനാല്‍ ആശങ്ക ഏറുകയാണ്.ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചുഴലിക്കാറ്റിനെക്കുറിച്ച് ഫിഷറീസ് വകുപ്പിന്  മുന്നറിയിപ്പ് ലഭിച്ചിട്ടും തൊഴിലാളികളെ ഇതു സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയില്ലെന്ന് ഹാര്‍ബര്‍ തൊഴിലാളികള്‍ പറഞ്ഞു.കാലാവസ്ഥ അപകടകരമായ വിധത്തില്‍ മോശമായിട്ടും പോയ ബോട്ടുകള്‍ തിരിച്ചെത്തിയോ തുടങ്ങിയ യാതൊരുവിധ അന്വേഷണവും ഫിഷറീസ് അധികൃതര്‍ നടത്തിയില്ലെന്ന് ലോങ് ലൈന്‍ ബോട്ട് ആന്റ് ഗില്‍നെറ്റ് ആന്റ് ബയേഴ്‌സ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ എം നൗഷാദ്, സെക്രട്ടറി എം മജീദ് എന്നിവര്‍ ആരോപിച്ചു. രണ്ടായിരത്തോളം തൊഴിലാളികള്‍ കടലില്‍ കുടുങ്ങി കിടക്കുമ്പോള്‍ അവരെ കുറിച്ച് അന്വേഷിക്കാന്‍ പോലും തയ്യാറാവാത്ത ഫിഷറീസ് ഉദ്യോഗസ്ഥരുടെ നടപടി മല്‍സ്യബന്ധന മേഖലയില്‍ ശക്തമായ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. യൂസേഴ്‌സ് ഫീ ഇനത്തില്‍ മൂന്നുകോടി രൂപയോളം സര്‍ക്കാര്‍ ഇതര സംസ്ഥാന ബോട്ടുകളില്‍ നിന്നും ഈടാക്കുമ്പോഴാണ് ഈ അനാസ്ഥ അധികൃതര്‍ നടത്തുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.    കടലില്‍പെട്ടു പോയ ബോട്ടുകളിലെ കുടുംബാംഗങ്ങള്‍ ആശങ്കയിലാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരായി ഇടപെടണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് എ എം നൗഷാദ്, സെക്രട്ടറി എം മജിദ് എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it