malappuram local

കൈവശഭൂമി മിച്ചഭൂമിയെന്ന്; 23 കുടുംബങ്ങള്‍ ദുരിതത്തില്‍

നിലമ്പൂര്‍: കൈവശ ഭൂമി മിച്ചഭൂമിയാണെന്ന റവന്യു വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തില്‍ അകമ്പാടം വില്ലേജ് പരിധിയില്‍പ്പെട്ട 23 കുടുംബങ്ങള്‍ ദുരതത്തിലായി. 2000 മുതല്‍ 5.07 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് കാണിക്കുന്ന രേഖ കഴിഞ്ഞ ദിവസമാണു സ്ഥലമുടമകള്‍ക്ക് ലഭിച്ചത്. 1964 മുതലുള്ള രേഖകളുമായി ഹാജരാക്കാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ലാന്റ് ട്രൈബ്യൂനല്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ അകമ്പാടം വില്ലേജിലെത്തി ഭൂഉടമകള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചു.
തുടര്‍ന്നുള്ള റിപോര്‍ട്ട് കലക്ടര്‍ക്ക് നല്‍കും. അതുവരെ പ്രസ്തുത സ്ഥലത്തിന്റെ ഭൂനികുതി സ്വീകരിക്കേണ്ടെന്ന് പരിശോധനയ്ക്ക് വന്നവര്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വേ നമ്പര്‍ അഞ്ചില്‍ 166/1981, 167/1981 പട്ടയ നമ്പറുകളിലുള്ള 5.07 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍, വില്ലേജ് സര്‍വേ നമ്പര്‍ 49ല്‍ ആണ് ഈ മിച്ചഭൂമിയുള്ളത്.
റീസര്‍വേ നടക്കാത്തതിനാല്‍ സര്‍വേ നമ്പറുകളില്‍ അവ്യക്തത നിലനില്‍ക്കുന്നതായി വില്ലേജ് ഓഫിസ് ഇന്‍ ചാര്‍ജ് അബ്ബാസ് അത്തിമണ്ണില്‍ പറഞ്ഞു. മാത്യു വടക്കേമുറിയില്‍, സ്‌കറിയാ താന്നിക്കല്‍, കണ്ടത്തില്‍ പുത്തന്‍വീട്ടില്‍ മോഹനന്‍, ജോസ് സെബാസ്റ്റ്യന്‍ പാറപ്പുറത്ത്, ജോര്‍ജ് ചിറ്റാട്ടില്‍, പുറത്താനകുത്തി ജോയി, ഷൗക്കത്ത് കൈപ്പള്ളി, വേലുക്കുട്ടി അരുമായി, രാജേഷ് വലിയ വീട്ടില്‍, സൈനബ തരകന്‍, റഷീദ് പള്ളിപ്പുറം, സജ്‌ന പള്ളിപ്പുറം, ജോസ് വിളയില്‍, അബ്ദുള്‍ കരീം അമ്മേക്കര, പി കെ ഉമ്മര്‍ പുന്നക്കാട്ടുകുഴി, ഉമ്മര്‍ കടൂരാന്‍, വിജയന്‍ കുണ്ടറക്കാടന്‍ തുടങ്ങി 23 ഓളം പേരാണ് റവന്യൂ വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ വെട്ടിലായത്. അഞ്ചുമുതല്‍ 50 സെന്റ് വരെ സ്ഥലമുള്ളവരാണ് ഇവരെല്ലാം. സര്‍വേ നമ്പര്‍ 49ലാണ് മിച്ചഭൂമി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, സര്‍വേ നമ്പര്‍ അഞ്ചില്‍പ്പെട്ട കുടുംബങ്ങളോടാണ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സര്‍വേ നടക്കാത്തതാണ് സര്‍വേ നമ്പറിലുണ്ടായ വിത്യാസത്തിന് കാരണമെന്ന് വില്ലേജ് അധികൃതര്‍ പറയുന്നു. 1984ല്‍ അകമ്പാടം വില്ലേജില്‍ പൂര്‍ണമായും റീസര്‍വേ നടന്നിരുന്നു. എന്നാല്‍, 34 വര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ അവസാന റിപോര്‍ട്ട് വന്നിട്ടില്ല. മഞ്ചേരി കോവിലകത്തിലെ രാധാകാന്തന്‍ എന്നയാളുടെ മക്കളില്‍ നിന്നുമാണ് ഈ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി പിടിച്ചെടുത്തതെന്നും ഭൂമി സംബന്ധമായുണ്ടായിരുന്ന സിവില്‍ കേസ് നിലവിലില്ലാത്തതും സര്‍ക്കാരിനനുകൂലമായ വിധിയുണ്ടായതിന്റെ അടിസ്ഥാനത്തിലുമാണ് നടപടിയെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
ഇതു സംബന്ധിച്ച് സ്ഥലത്തിന്റെ സ്‌കെച്ചും പ്ലാനും തയ്യാറാക്കി രണ്ടുമാസം മുന്‍പ് വില്ലേജ് ഓഫിസര്‍ തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. കൈവശക്കാരുടെ രേഖകള്‍ പരിശോധിച്ച് അവര്‍ക്കര്‍ഹതപ്പെട്ടതാണെങ്കില്‍ ആ ഭൂമിയൊഴികെയുള്ളവ വിതരണം ചെയ്യാനാണ് റവന്യു വകുപ്പിന്റെ നീക്കം. 1981ല്‍ നിലമ്പൂര്‍ ലാന്റ് ട്രൈബ്യൂനലിന്റെ പട്ടയമുള്ള സ്ഥലമാണിത്. ട്രൈബ്യൂനലിന്റെ പട്ടയം ലഭിച്ചത് കെ എം മജീദിന്റെ പേരിലാണ്. 1981 മുതല്‍ വില കൊടുത്ത് സ്ഥലം വാങ്ങിയവരാണ് ഇപ്പോള്‍ താമസിക്കുന്നത്.
സംഭവത്തില്‍ ആശങ്കവേണ്ടെന്നും നികുതി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും വില്ലേജ് ഓഫിസര്‍ പറയുമ്പോഴും നികുതി സ്വീകരിക്കാന്‍ തിങ്കളാഴ്ച വില്ലേജ് ഓഫിസര്‍ തയ്യാറായില്ല. റവന്യു വകുപ്പിന്റെ തലതിരിഞ്ഞ നടപടിയും റീസര്‍വേ അവസാന റിപോര്‍ട്ട് വരാത്തതുമാണ് 23 കുടുംബങ്ങള്‍ക്ക് കൈവശഭൂമി മിച്ചഭൂമിയായി മാറ്റാനുള്ള നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോവുന്നത്. ആവശ്യമെങ്കില്‍ ഭൂഉടമകള്‍ കലക്ടറെ നേരില്‍ കണ്ട് പരാതി പറയും.
Next Story

RELATED STORIES

Share it