Idukki local

കൈലാസപ്പാറ റോഡ് ഗതാഗത യോഗ്യമായി

നെടുങ്കണ്ടം: യാത്രാദൂരിതം രൂക്ഷമായിരുന്ന കിഴക്കേകവല കൈലാസപ്പാറ റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ നവീകരിച്ചു. റോഡിലെ കുഴികളില്‍ കല്ലുകള്‍ നിരത്തി കോണ്‍ക്രീറ്റ് ചെയ്താണ് കുഴികള്‍ അടച്ചത്. മേഖലയിലെ ജനങ്ങള്‍ ആശുപത്രിയിലെത്തുന്നതിനും മറ്റും ഓട്ടോറിക്ഷ വിളിച്ചാല്‍ പോലും കയറിപ്പോകാനാവത്ത സ്ഥിതിയില്‍ സമീപകാലത്ത് റോഡ് തകര്‍ന്നിരുന്നു.
മഴക്കാലമെത്തി സ്‌കൂള്‍ തുറന്നതോടെ മേഖലയിലേക്കുള്ള യാത്രാ ദൂരിതം ഭീകരമായിരുന്നു. വഴി തകര്‍ന്നതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളെയെത്തിക്കുന്ന വാഹനങ്ങള്‍ ഇതിലെ കടന്നുപോകാനാവാത്ത സ്ഥിതിയെത്തി.ഇതോടെയാണ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ റോഡ് നവീകരണത്തിനു മുന്നിട്ടിറങ്ങിയത്. ഇന്നലെ രാവിലെ പത്തിനു ആരംഭിച്ച റോഡ് നവീകരണം വൈകുന്നേരം അഞ്ചിനു സമാപിച്ചു. പഞ്ചായത്തില്‍ റോഡ് നവീകരണത്തിനു 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പൊതുമാരാമത്ത് ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും മഴ കനത്തതോടെ റോഡ് നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ തന്നെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ റോഡിലെ കുഴി അടയ്ക്കുകയായിരുന്നു. പഞ്ചായത്തംഗം അജിഷ് മുതുകുന്നേല്‍, വിജി മാത്തുക്കുട്ടി, അനിത പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് റോഡ് നവീകരിച്ചത്.
Next Story

RELATED STORIES

Share it