Flash News

കൈയേറ്റം : മൂന്നാറില്‍ പാര്‍ലമെന്ററി പരിസ്ഥിതി സമിതി സന്ദര്‍ശനം നടത്തി



മൂന്നാര്‍:  അനധികൃത കൈയേറ്റങ്ങളും നിര്‍മാണങ്ങളും പരിശോധിക്കാന്‍ കേന്ദ്ര പാര്‍ലമെന്ററി പരിസ്ഥിതി സമിതി മുന്നാറിലെത്തി. ഉദ്യോഗസ്ഥരുള്‍പ്പെടെ 20 പേരടങ്ങുന്ന സംഘമാണ് മൂന്നാറിലെത്തിയത്. ഇന്നലെ രാവിലെ ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തിയ സംഘം വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചു.   കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും മൂന്നാറിലെ കാലാവസ്ഥയ്ക്ക് തിരിച്ചടിയാണെന്ന് സംഘടനകള്‍ സമിതിയെ അറിയിച്ചു. ലഭിച്ച പരാതികള്‍ മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിക്കും. കൂടുതല്‍ പരാതികളുണ്ടെങ്കില്‍ പത്ത് ദിവസത്തിനകം സമിതിക്ക് രേഖാമൂലം അറിയിക്കാം. സമിതിയെടുക്കുന്ന തീരുമാനങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്നും സമിതി അധ്യക്ഷ രേണുക ചൗധരി പറഞ്ഞു. മൂന്നാറിനെ സംരക്ഷിക്കാന്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. സംസ്ഥാനത്തെ 22ഓളം സംഘടനകളാണ് മൂന്നാറില്‍ നടന്ന സിറ്റിങില്‍ പങ്കെടുത്തത്. 12ന് തുടങ്ങിയ സിറ്റിങ് മൂന്നു മണിക്കുറോളം നീണ്ടു. മൂന്നാറിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിക്കേണ്ടതായി വന്നാല്‍ അതിന് സമിതി നേതൃത്വം നല്‍കും. റൊണാള്‍ഡ് സാപ്പ, നരേന്ദ്ര സിങ്, ഡോ. കെ ഗോപാല്‍, സുഹറാം സിങ് യാദവ്, സി പി നാരായണന്‍, ദാദന്‍ മിശ്ര, പങ്കജ് ചൗധരി, പ്രഭുഭായ്. എന്‍ വാസവ, പ്രസ ആചര്യ, പ്രഭാത് സിങ്. പി ചൗഹര്‍, എസ് ആര്‍ ബാലസുബ്രഹ്മണ്യന്‍, നാനാ പട്ടോളി, വിക്രം ഉസേന്തി, എം വാസന്തി, സി എം നഗേന്ദ്രദമാര്‍ പ്രതാപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it