palakkad local

കേള്‍വി ഉപകരണങ്ങളുടെ വിലവര്‍ധന രക്ഷിതാക്കള്‍ക്ക് ബാധ്യതയാവുന്നു

പാലക്കാട്: വിദേശ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കേള്‍വി ഉപകരണങ്ങളുടെ വിലയും വാര്‍ഷിക മെയിന്റനന്‍സ് രക്ഷിതാക്കള്‍ക്ക് ബാധ്യതയാവുന്നു. ജന്മനാ കേള്‍വികുറവുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത ശേഷം ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ക്ക് വലിയ വിലയാണ് ഈടാക്കുന്നത്. ഇതിന്റെ വാര്‍ഷിക മെയിന്റനന്‍സിന് ഓരോ രക്ഷിതാവും 40000-60000 മുതല്‍ ചെലവാക്കേണ്ടി വരികയാണ്. ഇതിനിടയില്‍ നടപ്പാക്കിയ ജിഎസ്ടിയും രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി. നിലവില്‍ 28ശതമാനം നികുതിയാണ് കേള്‍വി ഉപകരണ യന്ത്രങ്ങള്‍ക്ക് ഈടാക്കുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ക്കും പാര്‍ട്‌സിനും തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 4മുതല്‍ ആറുലക്ഷം വരെ ചെലവ് വരുന്നതാണ് കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി. വരുമാനം കുറഞ്ഞവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. മറ്റുള്ളവര്‍ വായ്പവാങ്ങിയും കിടപ്പാടം വിറ്റുമാണ് കുട്ടികളെ കേള്‍വിയുടെ ലോകത്തേക്ക് കൊണ്ടുവരാന്‍ സര്‍ജറിക്ക് പണം കണ്ടെത്തുന്നത്. ഇവരാണ് സര്‍ജറിക്ക് ശേഷവും മാസതോറും ഉപകരണങ്ങളുടെ മെയിന്റനന്‍സിന് വന്‍തുക ചെലവാക്കേണ്ടി വരുന്നത്.
കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമം 24ന് രാവിലെ 10മുതല്‍ വൈകീട്ട് നാലുവരെ മേലാമുറി ഉമാമഹേശ്വരി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. സ്വാമി സുനില്‍ദാസ്, ഷാഫി പറമ്പില്‍ എംഎല്‍എ, എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നവാസ് നെടുമ്പാശ്ശേരി, സ്വാഗത സംഘം കണ്‍വീനര്‍ സമദ് കോട്ടപ്പുറം, ദേവന്‍ പാലക്കാട് പങ്കെടുത്തു.
Next Story

RELATED STORIES

Share it