കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നാളെ

ന്യൂഡല്‍ഹി: പ്രളയം ദുരന്തംവിതച്ച കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മ നയമാണു കാണിക്കുന്നതെന്നു എസ്ഡിപിഐ. കേരളത്തിന് അവകാശപ്പെട്ട സഹായം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു പാര്‍ട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ 11 ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള നയം തിരുത്തുക, കേരളത്തിനു മതിയായ സഹായം ഉറപ്പാക്കുക, കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. ഏറ്റവും പുതിയ കണക്കുപ്രകാരം പ്രളയം മൂലം 30,000 കോടിയില്‍ അധികം രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ദുരന്തത്തില്‍ 400ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ടു മനസ്സിലാക്കുകയും ചെയതതാണ്. എന്നാല്‍ 500 കോടി രൂപ മാത്രമാണ് കേന്ദ്രം സഹായമായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ പകുതിയോളം പ്രദേശങ്ങളെ പ്രളയം തകര്‍ത്തിട്ടുണ്ട്. എന്നിട്ടും ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയവും ഫാഷിസവും കേരള സമൂഹം തള്ളിക്കളഞ്ഞതിനുള്ള പ്രതികാര നടപടിയാണ് ഇതെന്നു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിനും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംഘത്തിനും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി കേരള ജനതയെ നിരന്തരം അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ സലാം എന്‍ യു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it