Flash News

കേരളത്തെക്കുറിച്ച് ബിജെപി ദേശീയ നേതാക്കള്‍ക്കു ഒന്നുമറിയില്ല



തിരുവനന്തപുരം: കേരളത്തെക്കുറിച്ച് ബിജെപിയുടെ ദേശീയ നേതാക്കള്‍ക്ക് കാര്യമായൊന്നും അറിയില്ലെന്ന് വ്യക്തമായതായി ധനകാര്യമന്ത്രി തോമസ് ഐസക്. ആശുപത്രികളുടെ കാര്യത്തില്‍ കേരളം യുപിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ബിജെപി നേതാക്കള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ചില നുണകളല്ലാതെ നാടിനെക്കുറിച്ച് ആദിത്യനാഥിനും അനുയായികള്‍ക്കും ഒന്നും അറിയില്ലായിരിക്കാം. എന്നാല്‍, ഇവിടെ കാര്യം മറിച്ചാണ്. യുപി എന്താണെന്ന് കേരളീയര്‍ക്കു നന്നായി അറിയാമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയില്‍ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ആയിരത്തിന് 50 എന്നാണ് അവിടെ കണക്ക്. കേരളത്തില്‍ അത് 12 ആണ്. 2015ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 15 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 25 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എട്ടു ശതമാനത്തോളം കുറയുകയാണു ചെയ്തത്. യുപിയില്‍ ആയിരം ജനനങ്ങളില്‍ അഞ്ചു വയസ്സിനു മുമ്പു മരിക്കുന്നത് 64 പേരാണ്. 35 പേര്‍ ഒരു മാസത്തിനുള്ളില്‍ മരിക്കുന്നു. 50 പേര്‍ ഒരു വര്‍ഷം തികയ്ക്കുന്നില്ല. യുപിയിലെ നവജാത ശിശുക്കളുടെ അതിജീവനശേഷി ബിഹാറിനെക്കാള്‍ നാലു വര്‍ഷവും ഹരിയാനയെക്കാള്‍ അഞ്ചുവര്‍ഷവും ഹിമാചല്‍ പ്രദേശിനെക്കാള്‍ ഏഴു വര്‍ഷവും കുറവാണ്. മാതൃ മരണനിരക്കിലാവട്ടെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യുപി. ഇങ്ങനെയൊരു സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നുവെങ്കില്‍ കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ല എന്നാണര്‍ഥം. അല്ലെങ്കില്‍ തൊലിക്കട്ടി അപാരമാണ്. വെറുമൊരു ബിജെപി നേതാവെന്ന നിലയില്‍ ആദിത്യനാഥ് ഇങ്ങനെയൊക്കെ പറയുന്നത് നമുക്കു മനസ്സിലാക്കാം. പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോ ള്‍ ആ പദവിയുടെ അന്തസ്സ് കാണിക്കണം. ആദിത്യനാഥിന്റെ ഭരണശേഷി വിശകലനം ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ സ്വാതി ചതുര്‍വേദി കഴിഞ്ഞ മാസം എന്‍ഡിടിവിയില്‍ ഒരു ലേഖനമെഴുതിയിരുന്നു. മാനവവിഭവശേഷി സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിന് ആദിത്യനാഥിന്റെ ഭരണത്തിന്‍കീഴില്‍ അഭിമാനിക്കാന്‍ ഒരു നേട്ടവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെത്തിയ സ്ഥിതിക്ക് അദ്ദേഹം കുറച്ചു ദിവസം സംസ്ഥാനത്തിന്റെ അതിഥിയായി ഇവിടെ താമസിക്കണം. ആശുപത്രികളും സ്‌കൂളുകളും സന്ദര്‍ശിക്കണം. ആരോഗ്യ സംവിധാനത്തെക്കുറിച്ചു പഠിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
Next Story

RELATED STORIES

Share it