കേരളത്തില്‍ വായു മലിനീകരണം കുറവ്; ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട്ട്

നിഷ ദിലീപ്

കൊച്ചി: കേരളത്തില്‍ വായു മലിനീകരണത്തിന്റെ തോത് കുറവെന്ന് ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2015 ജൂണില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നാഷനല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം നടത്തിയ പഠനങ്ങളില്‍ ഇന്ത്യയിലെ 85 നഗരങ്ങളിലെ 225 ഇടങ്ങളില്‍ 50 നഗരങ്ങളില്‍ ശുദ്ധവായുവാണു ലഭിക്കുന്നത്. 66 ഇടങ്ങളില്‍ ആരോഗ്യത്തിന് തൃപ്തികരമായ വായുവാണുള്ളത്. 51 നഗരങ്ങളില്‍ സഹനീയവും എട്ടിടങ്ങളില്‍ അനാരോഗ്യകരമായ അശുദ്ധവായുവുമാണുള്ളത്. ഭോപാലിലെയും ഡല്‍ഹിയിലെ ഓരോ നഗരങ്ങളില്‍ വീതം ശ്വസനയോഗ്യമല്ലാത്ത മലിനവായുവാണുള്ളതെന്നും റിപോര്‍ട്ടില്‍ പറയുന്നു. നാഷനല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം ആരോഗ്യത്തിനു ഹാനികരമാവുന്ന തരത്തിലുള്ള വായു മലിനീകരണം ഇപ്രകാരമാണ്. 0-50 ശതമാനം വരെ ശുദ്ധവായുവാണ്. 51-100 വരെയുള്ള വായു മലിനീകരണം സാധാരണമാണ്. ഇത് ആരോഗ്യത്തിനു ഹാനികരമല്ല. ശ്വസനത്തിനു ബുദ്ധിമുട്ടുള്ള രോഗികളില്‍ ഇത് ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
101-200 വരെയുള്ള വായുമലിനീകരണം ഹൃദ്‌രോഗികള്‍, ശ്വാസകോശ രോഗങ്ങളുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്കു ഹാനികരമാണ്. 201-300 തോതിലുള്ള വായുമലിനീകരണം പലതരത്തിലുള്ള രോഗങ്ങള്‍ക്കു കാരണമാവുന്നു. ശരിയായ രീതിയിലുള്ള ശ്വസനപ്രക്രിയക്കു തടസ്സമുണ്ടാക്കുന്നു. 301-400 വരെയുള്ള വായു മലിനീകരണ തോത് സാധാരണ മനുഷ്യരെയും 400നു മുകളിലുള്ള മലിനീകരണ തോത് ആരോഗ്യമുള്ള മനുഷ്യരെപ്പോലും രോഗികളാക്കുന്നുവെന്നുമാണു കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍ ആലപ്പുഴ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം, വയനാട് എന്നീ പതിനൊന്ന് ജില്ലകളിലാണ് പഠനം നടത്തിയത്. ആലപ്പുഴയില്‍ 20 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്ത് ശുദ്ധവായുവും 3 ഇടത്ത് ശ്വസനയോഗ്യമായ വായുവുമാണെന്നു കണ്ടെത്തി.
കൊച്ചിയില്‍ 70 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 60 ഇടത്ത് ശുദ്ധവായുവും എട്ടിടത്ത് ശ്വസനയോഗ്യമായ വായുവും രണ്ടിടത്ത് അശുദ്ധവായുവുമാണ്. കൊല്ലത്ത് 20 സ്ഥലങ്ങളില്‍ പരിശോധിച്ചപ്പോള്‍ 17 ഇടത്ത് വായു ശുദ്ധമാണ്. മൂന്നിടത്ത് ശ്വസനയോഗ്യമാണ് വായു. കോട്ടയത്ത് 20 സ്ഥലങ്ങളില്‍ ഒമ്പതിടത്ത് ശുദ്ധവായുവാണ്. കോഴിക്കോട്ട് 20 സ്ഥലത്ത് പരിശോധിച്ചപ്പോള്‍ 17 ഇടത്ത് ശുദ്ധവായു തന്നെ ലഭിക്കുന്നതായി കണ്ടെത്തി. തൃശൂരില്‍ പത്ത് സ്ഥലങ്ങളില്‍ പരിശോധിച്ചപ്പോള്‍ നാലിടത്തു മാത്രമാണ് ശുദ്ധവായു ഉള്ളത്.
വയനാട്ടിലും പത്തനംതിട്ടയിലും 10 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും ശുദ്ധവായുവാണു ലഭിക്കുന്നതെന്നും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ മൂന്ന് നഗരങ്ങളിലും ഭോപാലിലും രാജസ്ഥാനിലെ അഞ്ച് നഗരങ്ങളിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഓരോയിടത്തും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ രണ്ട് നഗരങ്ങളിലും ശ്വസനയോഗ്യമല്ലാത്തവിധം വായു മലിനീകരണം നടക്കുന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it