Flash News

കേരളത്തില്‍ മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് മന്ത്രാലയ വിലക്ക്; പ്രവേശന അനുമതിയില്ല

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ മൂന്നു മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നിഷേധിച്ചു. പുതുതായി പ്രവേശനാനുമതി നേടാന്‍ ഇടുക്കി മെഡിക്കല്‍ കോളജിന് ഇത്തവണയും സാധിച്ചില്ല. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു പുറമെ പാലക്കാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ അടൂര്‍ എന്നിവയ്ക്കാണ് പ്രവേശനാനുമതി നിഷേധിച്ചത്.
രാജ്യവ്യാപകമായി 64,000 മെഡിക്കല്‍ സീറ്റുകള്‍ ഉള്ളതില്‍ ഏകദേശം 10,430 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് വിലക്ക്. അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കുകയായിരുന്നു.
ഇതിനു പുറമെ 82 മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം പുതുക്കിനല്‍കിയിട്ടുമില്ല. ഇതില്‍ കേരളത്തിലെ പാലക്കാട് ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജ്, എസ്ആര്‍ മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് സെന്റര്‍, പാലക്കാട് പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ്, പത്തനംതിട്ട മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ്, തൊടുപുഴ അല്‍അസര്‍ മെഡിക്കല്‍ കോളജ് ആന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, തിരുവനന്തപുരം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്‌ഐ മെഡിക്കല്‍ കോളജ്, വയനാട് ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുന്നവര്‍ക്ക് ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുപോലും ബോധ്യമില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിലയിരുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന 24 മെഡിക്കല്‍ കോളജുകള്‍ 2021-22 വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
നിലവില്‍ അംഗീകാരം നല്‍കാത്ത 68 മെഡിക്കല്‍ കോളജുകളില്‍ 31 എണ്ണം സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ളതാണ്. പ്രവേശനാനുമതി നിഷേധിക്കപ്പെട്ട 82 മെഡിക്കല്‍ കോളജുകളില്‍ 70 എണ്ണവും സ്വകാര്യമേഖലയില്‍ നിന്നുള്ളതാണ്. പ്രവേശനാനുമതി നിഷേധിക്കപ്പെട്ട മെഡിക്കല്‍ കോളജുകള്‍ കേരളത്തില്‍ നിന്ന് മൂന്ന്, ഉത്തര്‍പ്രദേശില്‍ നിന്ന് നാല്, ബിഹാറില്‍ നിന്ന് മൂന്ന്, ജാര്‍ഖണ്ഡ് രണ്ട്, ചത്തീസ്ഗഡ് ഒന്ന് എന്നിങ്ങനെയാണ്.
അനുമതി നിഷേധിച്ച 68 മെഡിക്കല്‍ കോളജുകളില്‍ 37 എണ്ണം സ്വകാര്യ മേഖലയിലുള്ളതാണ്. ഇതിനു പുറമെയാണ് ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും അഞ്ച് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കും സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നത്.
Next Story

RELATED STORIES

Share it