Flash News

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല : ദേശീയ വനിതാ കമ്മീഷനെ തള്ളി സംസ്ഥാന കമ്മീഷന്‍



കൊച്ചി: ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവനയ്‌ക്കെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്ത്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് എം സി ജോസഫൈന്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ രേഖാ ശര്‍മയുടെ പ്രസ്താവനയ്ക്കു മറുപടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന അവരുടെ പ്രസ്താവന രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും ജോസഫൈന്‍ പറഞ്ഞു. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തെ ദേശീയതലത്തില്‍ ഇകഴ്ത്തിക്കാണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വാക്കുകള്‍. സംസ്ഥാനത്തെ സാഹചര്യം മനസ്സിലാക്കാതെയാണ് രേഖാ ശര്‍മ അഭിപ്രായപ്രകടനം നടത്തിയത്. ഹാദിയ വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തിയിട്ടുണ്ടെന്നും എം സി ജോസഫൈന്‍ പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ വരുന്നതിന്റെ യാതൊരു അറിയിപ്പും സംസ്ഥാന വനിതാ കമ്മീഷന് ലഭിച്ചിരുന്നില്ല. ഹാദിയയുടെ വിഷയവുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകളും തേടിയിരുന്നില്ല. രേഖാ ശര്‍മയുടെ പ്രസ്താവനകള്‍ക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it