കേരളത്തിലെ പ്രളയംകാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത പ്രത്യാഘാതം: യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനം അതിന്റെ ഏറ്റവും ഭീകരാവസ്ഥയില്‍ എത്തിയതിന്റെ പ്രതിഫലനമാണ് കേരളത്തിലുണ്ടായ പ്രളയമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. കേരളത്തിലെ പ്രളയം 400 പേരുടെ ജീവനെടുത്തു. 10 ലക്ഷത്തോളം പേരെ ഭവനരഹിതരാക്കി.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൂടുകാറ്റ്, കൊടുങ്കാറ്റ്, കാട്ടുതീ തുടങ്ങിയവ വന്‍തോതില്‍ അധികരിച്ചുവരുന്നതായി ലോക കാലാവസ്ഥാ സംഘടന പറയുന്നതായും ഗുത്തേറഷ് ചൂണ്ടിക്കാട്ടി. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ നാം അതിവേഗ പദ്ധതികളുമായി മുന്നിട്ടിറങ്ങേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞവര്‍ഷം പ്യൂട്ടോറിക്കയിലുണ്ടായ മരിയ ചുഴലിക്കാറ്റും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ്. 3,000 പേരുടെ ജീവനാണ് ചുഴലിക്കാറ്റ് അപഹരിച്ചത്. അമേരിക്ക അതിന്റെ ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത അത്രയും വലിയ ചുഴലിക്കാറ്റായിരുന്നു അത്.
ഇന്ന് ലോകം അഭിമുഖീകരിക്കുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യക്ഷ ആഘാതമാണ്. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് നമ്മിലേക്ക് എത്തുന്നുണ്ട്.
ഈ സാഹചര്യത്തിലെങ്കിലും നാം ഇതിനെ മറികടക്കാന്‍ സജീവമായി രംഗത്തിറങ്ങണം. ഇതിനായി രണ്ടു വര്‍ഷം മുമ്പുണ്ടാക്കിയ പാരിസ് കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ കരാറിലെ നിബന്ധനകള്‍ പാലിക്കാനും നടപ്പാക്കാനും കൂടുതല്‍ പ്രതിബദ്ധത കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it