Flash News

കേരളത്തിലെ അക്രമരാഷ്ട്രീയത്തിന് ഉത്തരവാദി പിണറായി : അമിത് ഷാ



പയ്യന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും നിശിതമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ മുഴുവന്‍ ഉത്തരവാദി പിണറായി വിജയനാണെന്നും പിണറായിയുടെ വസ്ത്രങ്ങളില്‍ രക്തക്കറ പുരണ്ടിരിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പരമ്പര കേരളത്തില്‍ ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടാണ് കണ്ണൂര്‍. കണ്ണൂര്‍ ജില്ലയില്‍ മാത്രം 84 സംഘപരിവാര പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായത്. പിണറായിയോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഇവരുടെ മരണത്തിന്റെ രക്തക്കറ ആരുടെ വസ്ത്രങ്ങളിലാണ് പുരണ്ടിട്ടുള്ളത്. ആ രക്തത്തിന്റെ ഉത്തരവാദികള്‍ ആരാണ്.  ഉത്തരവാദി താങ്കള്‍ തന്നെയാണ്. ഇതില്‍ നിന്നു പിന്‍മാറാന്‍ താങ്കള്‍ക്കു സാധിക്കില്ല. താങ്കളുടെ നേതൃത്വത്തില്‍ കേരളത്തില്‍ സിപിഎം അക്രമത്തിന്റെ ചളിക്കുണ്ട് സൃഷ്ടിക്കാന്‍ എത്ര ശ്രമിച്ചാലും ആ ചളിക്കുണ്ടില്‍ നിന്ന് താമര ഉയര്‍ന്നുവരും. കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിപിഎം അക്രമത്തിനെതിരേ കേരളത്തില്‍ മാത്രമല്ല, മുഴുവന്‍ സംസ്ഥാനങ്ങളിലും ഈ മാസം 17 വരെ പദയാത്രകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ സിപിഎം ഓഫിസിലേക്കും മാര്‍ച്ച് നടത്തുമെന്ന് അമിത് ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it