കേന്ദ്ര സര്‍വകലാശാല, ദലിത് വിദ്യാര്‍ഥിയെ പുറത്താക്കിയത് എബിവിപിയുടെ പരാതിയില്‍

എ പി  വിനോദ്
കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ സ്റ്റഡീസില്‍ പിഎച്ച്ഡിക്ക് ചേര്‍ന്ന ദലിത് വിദ്യാര്‍ഥി കെ അജിത്തിനെ പുറത്താക്കിയത് എബിവിപിയുടെ പരാതിയില്‍. സജീവ എബിവിപി പ്രവര്‍ത്തകനായ റിജിലേഷിന്റെ പരാതിയെ തുടര്‍ന്നാണു നടപടി. സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ബിജെപി അനുഭാവികള്‍ക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദലിത് വിദ്യാര്‍ഥിക്കെതിരേ നടപടി സ്വീകരിച്ചത്.
2017ലെ സിയുസിഇടി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അജിത്തിന് പ്രവേശനം ലഭിച്ചത്. സര്‍വകലാശാല നിയമം അനുസരിച്ച് പ്രവേശനപ്പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയില്‍ ഭേദഗതി വരുത്തിയാണു കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ഇറക്കിയത്. 2017 ഏപ്രിലില്‍ അപേക്ഷ ക്ഷണിച്ച് ജൂണില്‍ അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കി. എല്ലാ വിഭാഗങ്ങള്‍ക്കും പൊതുവിഭാഗത്തില്‍ മാര്‍ക്ക് 45 ശതമാനവും പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 35 ശതമാനവും ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 30 ശതമാനവുമായാണ് വിജ്ഞാപനം ഇറക്കിയത്. ഡിസംബര്‍ 6ന് സര്‍വകലാശാല ഇറക്കിയ വിജ്ഞാപനവും ഇക്കാര്യം സാധൂകരിക്കുന്നതാണ്. ഈ മാര്‍ക്ക് ഇളവിന്റെ അടിസ്ഥാനത്തില്‍ അജിത്ത്് അടക്കം ആറു കുട്ടികള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു.
ബിജെപി അനുഭാവിയായ കേന്ദ്ര സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം ജയപ്രകാശാണ് അജിത്തിനെതിരേ നടപടി വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഒരേ നോട്ടിഫിക്കേഷന്‍പ്രകാരം പ്രവേശനം നേടിയ ആറു വിദ്യാര്‍ഥികളില്‍ ഒരാളെ മാത്രം പുറത്താക്കിയതിനു പിന്നില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്. പ്രവേശനസമയത്തെ ഇന്റര്‍വ്യൂവില്‍ ഗവേഷണ ഗൈഡ് ഉണ്ടായില്ലെന്നു പറഞ്ഞാണ് നോട്ടീസ് നല്‍കിയത്. പിന്നീട് ഹൈക്കോടതിയില്‍ കേസ് നല്‍കിയപ്പോഴാണ് ജൂണിലെയും ഡിസംബറിലെയും വിജ്ഞാപനം റദ്ദാക്കിയതായി സര്‍വകലാശാല വിശദീകരണം നല്‍കിയത്. ഇത് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥിയെ പുറത്താക്കാന്‍ കരുതിക്കൂട്ടിയെടുത്ത തീരുമാനമാണെന്നാണ് വ്യക്തമാവുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍വകലാശാല ഇതുവരെ അജിത്തിനെ വീണ്ടും പ്രവേശിപ്പിക്കാന്‍ തയ്യാറായിട്ടില്ല.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത 60ഓളം സീറ്റില്‍ എട്ട് വിദ്യാര്‍ഥികള്‍ മാത്രമാണു നിലവിലുള്ളത്. വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നു നടത്തിയ സമരം കഴിഞ്ഞ മാസമാണ് ഒത്തുതീര്‍പ്പിലെത്തിയത്.
Next Story

RELATED STORIES

Share it