Pathanamthitta local

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നു: ഉമ്മന്‍ ചാണ്ടി



പുല്ലാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോയിപ്രം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ 24ാം നമ്പര്‍ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ല. അതിന്റെ ലാഭം പെട്രോളിയം മുതലാളിമാരില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പങ്കിട്ടെടുക്കുകയാണ്. വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതിലല്ലാതെ നടത്തിക്കാണിക്കുവാന്‍ മോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയാത്തത് ഖേദകരമാണ്. അധികാരത്തിലെത്തിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാച്ചവരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ജനങ്ങളെ മറന്നുകൊണ്ടു ഭരിക്കുന്നവര്‍ക്കുള്ള മറുപടി കാലം നല്‍കും. കേരളത്തില്‍ അക്രമ സംഭവങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ക്രമസമാധാനനിലയില്‍ കേരളം പിന്നിലേക്കു പോകുന്നത് ആശങ്കയോടെ കാണണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബൂത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it