Flash News

കേന്ദ്ര തീരുമാനം: മുഖ്യമന്ത്രിക്ക് അതൃപ്തി ; അഞ്ചു മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി



തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിലെ ചുവന്ന ബീക്കണ്‍ലൈറ്റ് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന മന്ത്രിമാരും. അഞ്ചു മന്ത്രിമാരും പ്രതിപക്ഷനേതാവും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി. ഇന്നലെ രാവിലെ ഔദ്യോഗിക വാഹനത്തിലെ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി ധനമന്ത്രി തോമസ് ഐസക്കും ജലവിഭവമന്ത്രി മാത്യു ടി തോമസുമാണ് ആദ്യം മാതൃകയായത്. റോഡുകളില്‍ ആര്‍ക്കും ഒരു പരിധിക്കപ്പുറം വിഐപി പരിഗണന വേണ്ടെന്ന നിലപാട് മുമ്പ് ഗതാഗതമന്ത്രി ആയിരുന്നപ്പോള്‍ തന്നെ തനിക്കുണ്ടായിരുന്നുവെന്ന് മാത്യു ടി തോമസ് പ്രതികരിച്ചു. ഇവര്‍ക്കുപിന്നാലെ മന്ത്രിമാരായ എ കെ ബാലനും ഇ ചന്ദ്രശേഖരനും സി രവീന്ദ്രനാഥും തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ അഴിച്ചുമാറ്റി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും തിരുവനന്തപുരം മേയര്‍ പ്രശാന്തും ബീക്കണ്‍ലൈറ്റ് ഒഴിവാക്കുന്നതായി അറിയിച്ചു. ഗവര്‍ണര്‍ പി സദാശിവവും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയതായി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. രാജ്ഭവനിലെ മറ്റ് ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുന്നതായും ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം എല്ലാവരും ഒരുമിച്ച് ബീക്കണ്‍ലൈറ്റുകള്‍ മാറ്റിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഓരോരുത്തരായി ബീക്കണ്‍ ലൈറ്റുകള്‍ മാറ്റേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ അതൃപ്തിയും മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബീക്കണ്‍ലൈറ്റ് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സ്പീക്കര്‍ പിന്‍മാറിയതായും സൂചനയുണ്ട്. ചുവന്ന ബീക്കണ്‍ ലൈറ്റുകളുടെ ഉപയോഗം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെയാണ് മന്ത്രിമാരും ലൈറ്റ് അഴിച്ചുമാറ്റിയത്. മെയ് ഒന്നിനാണ് നിരോധനം പ്രാബല്യത്തില്‍ വരിക.
Next Story

RELATED STORIES

Share it