കേന്ദ്രസംഘത്തോട് പൊട്ടിക്കരഞ്ഞ് തീരവാസികള്‍

തിരുവനന്തപുരം: ക്രിസ്മസ് രാവു കഴിയുംവരെ പള്ളിയില്‍ കാത്തിരിക്കുകയായിരുന്നു തീരദേശവാസികള്‍. എവിടെയുണ്ടെങ്കിലും ക്രിസ്മസിന് ഓടിയെത്തുന്ന പ്രിയപ്പെട്ടവരെക്കാത്ത്. പ്രതീക്ഷ മങ്ങിയെങ്കിലും കൂട്ടപ്രാര്‍ഥനകളുമായി എല്ലാവരും പള്ളിയില്‍ തന്നെ നിന്നു. ഇന്നലെ രാവിലെയെത്തിയ കേന്ദ്രസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് സംഭവം വിവരിക്കുന്നതിന് ഭാഷയുടെ അതിര്‍വരമ്പൊന്നും അവര്‍ക്ക് പ്രശ്‌നമായില്ല.
പൂന്തുറ തീരദേശത്തെത്തിയ കേന്ദ്ര പ്രതിനിധികള്‍ വളരെയേറെ നേരം ജനങ്ങളുടെ പരാതി കേട്ടതും ആ സങ്കടക്കടലിന്റെ ആഴം മനസ്സിലാക്കിയാണ്. പൂന്തുറ പള്ളി അങ്കണത്തില്‍ മല്‍സ്യത്തൊഴിലാളി നേതാക്കളുമായും സഭാനേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്രസംഘം കാണാതായവരുടെ വീട് സന്ദര്‍ശിച്ചത്. ദുരിതത്തിന്റെ കണക്കെടുക്കലായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യം. എന്നാലും തകര്‍ന്നുപോയ കുടുംബങ്ങളുടെ സങ്കടം കേള്‍ക്കാനും സംഘം സമയം കണ്ടെത്തി.
മരിച്ച മൂന്നു പേരുടെ വീടുകളിലും കാണാതായ നാലു പേരുടെ വീടുകളിലും  സന്ദര്‍ശനം നടത്തി. കാണാതായവരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ രേഖാമൂലം കേന്ദ്രസംഘത്തെ അറിയിച്ചു. നാശനഷ്ടത്തിന്റെ തോത് മനസ്സിലാക്കാനായി കാണാതായ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. കടല്‍ത്തീരത്തും സംഘം സന്ദര്‍ശനം നടത്തി. ദുരന്തത്തില്‍ തകര്‍ന്ന ബോട്ടുകള്‍, മല്‍സ്യബന്ധന ഉപകരണങ്ങള്‍, ഭവനങ്ങള്‍ എന്നിവയുടെ കണക്കുകളും സംഘം നേരിട്ട് കണ്ടു മനസ്സിലാക്കി. പൂന്തുറ, വലിയതുറ മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് സംഘത്തോട് വി എസ് ശിവകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ബോട്ട്, വള്ളം, മല്‍സ്യബന്ധന ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടു. ഇതിനായി ഉള്‍പ്പെടുത്തിയിട്ടുള്ള തുക അപര്യാപ്തമാണെന്നും  മല്‍സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പദ്ധതി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it