Kollam Local

കേന്ദ്രസംഘം ജില്ലയില്‍ പര്യടനം തുടങ്ങി

കൊല്ലം: ഓഖി ചുഴലിക്കാറ്റില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര  സംഘത്തിന്റെ കൊല്ലം ജില്ലയിലെ പര്യടനം തുടങ്ങി. ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രകൃതിക്ഷോഭത്തില്‍ മരണമടഞ്ഞ കുളത്തൂപ്പുഴ പി വി എസ് ഭവനില്‍ വിശ്വനാഥന്‍, ആര്യങ്കാവ് കഴുതുരുട്ടി പുത്തന്‍വീട്ടില്‍  രാജീവ് എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ബന്ധുക്കളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍,  ഡെപ്യൂട്ടി കലക്ടര്‍(എല്‍ ആര്‍) ബി ശശികുമാര്‍, പുനലൂര്‍ തഹസില്‍ദാര്‍ ബി അനില്‍കുമാര്‍ എന്നിവരും കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. കുളത്തൂപ്പുഴ മുതല്‍ കഴുതുരുട്ടിവരെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ സംഘം പരിശോധിച്ചു. ആര്‍പിഎല്‍ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ നാശനഷ്ടങ്ങളുടെ സംക്ഷിപ്തം ജില്ലാ കലക്ടര്‍ സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു. കാര്‍ഷിക  മേഖലയിലെ നാശനഷ്ടങ്ങളെക്കുറിച്ച് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍  എന്‍ ഗീത വിശദമാക്കി.  തുടര്‍ന്ന് ആര്‍പിഎല്‍ എസ്‌സ്‌റ്റേറ്റിലെ നാശനഷ്ടങ്ങള്‍ നേരില്‍ കണ്ടശേഷം സംഘം തിരുവനന്തപുരത്തേക്ക് മടങ്ങി.നാളെ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇരവിപുരത്താണ് നാളത്തെ സന്ദര്‍ശനത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് തീരദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍    കണ്ടശേഷം പത്തനാപുരം താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ വന്‍തോതില്‍ കൃഷിനാശമുണ്ടായ മേഖലകളിലെത്തും. ബോട്ടുകള്‍, വീടുകള്‍, കൃഷി, റോഡുകള്‍, കുടിവെള്ള പൈപ്പുകള്‍, വൈദ്യുതി വിതരണ സംവിധാനം, മറ്റ് പൊതുമുതലുകള്‍ എന്നിവയ്ക്കുണ്ടായ നാശനഷ്ടമാണ് സംഘം പ്രധാനമായും വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it