Flash News

കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് : പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനും നിരീക്ഷണത്തിനുമായി പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലുറപ്പു പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട കൂലി കുടിശ്ശിക കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ മറ്റു ക്രമീകരണങ്ങളുണ്ടാക്കും. ബദല്‍ മാര്‍ഗം എങ്ങനെ വേണമെന്ന് ധനവകുപ്പ് തീരുമാനിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച സംഭവിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാനും ബന്ധപ്പെട്ട രേഖകള്‍ യഥാസമയം സമര്‍പ്പിക്കുന്നതിനുമായി വെബ് അധിഷ്ഠിത സംവിധാനം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം ചെലവഴിക്കുന്നതിന്റെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് അടക്കം കൃത്യസമയത്ത് നല്‍കാനും ഇതില്‍ ക്രമീകരണമുണ്ടാവും. 2016-17 സാമ്പത്തിക വര്‍ഷം കേന്ദ്ര പദ്ധതിവിഹിതമായി ബജറ്റില്‍ വകയിരുത്തിയത് 6534 കോടി രൂപയായിരുന്നെങ്കില്‍ 6806 കോടി രൂപ ഇതിനകം ചെലവിട്ടു. മുന്‍വര്‍ഷങ്ങളില്‍ വകയിരുത്തിയ പണം പൂര്‍ണമായി ചെലവഴിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ വീഴ്ചയ്ക്ക് ഉത്തരവാദി യുഡിഎഫ് സര്‍ക്കാരാണ്. തൊഴിലുറപ്പു പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം വേതനയിനത്തില്‍ 2144 കോടി രൂപ ചെലവഴിച്ചു. ഇതില്‍ 1582 കോടി രൂപ മാത്രമാണ് ഇതുവരെ കേന്ദ്രത്തില്‍ നിന്നു ലഭിച്ചത്. ഓഡിറ്റ് റിപോര്‍ട്ട് ഉള്‍പ്പെടെ മുഴുവന്‍ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടനാട് പാക്കേജിന്റെ കാലാവധി അവസാനിച്ചെങ്കിലും 90 കോടി രൂപയുടെ മറ്റൊരു പദ്ധതി അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം തുടരുകയാണ്. പട്ടികജാതി വിഭാഗത്തിനുള്ള 130 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തിനുള്ള 37.5 കോടി രൂപയും ഇനിയും കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുണ്ട്. കേരളത്തിനു സ്വീകാര്യമല്ലാത്ത പദ്ധതികള്‍ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതിലും കാലതാമസമുണ്ടായെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ കെ മുരളീധരന്‍ ആരോപിച്ചു. പല പദ്ധതികള്‍ക്കും നിര്‍ദേശം പോലും സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനു പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it