Flash News

കെവിന്റെ കൊലപാതകം: സ്‌പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ച പറ്റിയെന്ന് അന്വേഷണസംഘം

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്ത ല്‍. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം കോട്ടയം മുന്‍ എസ്പി വി എം മുഹമ്മദ് റഫീഖിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഗൗരവത്തോടെ അറിയിച്ചില്ല. കഴിഞ്ഞ 27ന് നടന്ന തട്ടിക്കൊണ്ടുപോവല്‍ കുടുംബപ്രശ്‌നമെന്ന നിലയില്‍ താരതമ്യേന ലഘൂകരിച്ചാണ് റിപോര്‍ട്ട് നല്‍കിയത്.
കോട്ടയം മാന്നാനത്ത് വീട്ടില്‍ ചിലര്‍ അതിക്രമിച്ചുകയറിയെന്നും ആക്രമണത്തിന് ഇരയായവരില്‍ ഒരാള്‍ രക്ഷപ്പെട്ടെന്നും മറ്റൊരാളെ ഉടന്‍ തിരികെ എത്തിക്കുമെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ ധരിപ്പിച്ചത്. ഇതുപ്രകാരമാണ് കോട്ടയത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് എസ്പി വിവരം കൈമാറിയത്. ഇക്കാര്യങ്ങള്‍ അന്വേഷണ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.
കെവിന്റെ കൊലപാതകം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് എസ്പിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്. അപ്പോഴാണ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എസ്പി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടശേഷമാണ് അന്വേഷണം നടത്താന്‍ ഡിവൈഎസ്പിയോട് നിര്‍ദേശിച്ചതെന്നായിരുന്നു എസ്പിക്കെതിരേ ഉയര്‍ന്ന ആരോപണം.
കേസ് സംബന്ധിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് എസ്പിക്കെതിരേ വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ചയുടെ വിവരം പുറത്തുവന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുന്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയും അനീഷിന്റെ മൊഴിയും മുഖവിലയ്‌ക്കെടുക്കാന്‍ ഗാന്ധിനഗര്‍ പോലിസും തയ്യാറായില്ല.
ഈ വീഴ്ച അംഗീകരിക്കാന്‍ കഴിയില്ല. വിവരങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിന് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൃത്യമായ വ്യവസ്ഥയുണ്ട്. എല്ലാം പരിശോധിക്കുകയാണ്. ഡിജിപിക്ക് ഉടന്‍ തന്നെ റിപോര്‍ട്ട് നല്‍കുമെന്നും വിജയ് സാഖറ പറഞ്ഞു. അതേസമയം, വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. കെവിനെയും സുഹൃത്തിനെയും പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അറിയുന്നത് ഉച്ചയ്ക്കു മാത്രമാണ്. കെവിന്റെ മരണവാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ എസ്പി, എസ്‌ഐ, എഎസ്‌ഐ എന്നിവര്‍ക്കെതിരേ അച്ചടക്കനടപടിയുണ്ടായി. എന്നാല്‍, ഗുരുതരവീഴ്ച വരുത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നതങ്ങളില്‍ നിന്ന് ഉണ്ടാവുന്നതെന്നാണ് ആക്ഷേപം.
കെവിനെ തട്ടിക്കൊണ്ടുപോവുന്നതിന് സഹായം നല്‍കുകയും പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്തതിന്റെ പേരില്‍ റിമാന്‍ഡിലായ എഎസ്‌ഐക്കും പോലിസ് ഡ്രൈവര്‍ക്കും ജാമ്യം ലഭിച്ചു. എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്്‌നയ്‌ക്കെതിരേ പോലിസ് ഗൂഢാലോചനക്കുറ്റം ചുമത്തി. കെവിന്‍ താമസിക്കുന്ന വീട് പ്രതികള്‍ക്ക് കാണിച്ചുകൊടുത്തത് രഹ്്‌നയാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇവര്‍ വൈകാതെ തന്നെ പിടിയിലാവും.
Next Story

RELATED STORIES

Share it