കെല്‍ കമ്പനി: ഇലക്ട്രിക്കല്‍ ബസ് എന്‍ജിന്‍ നിര്‍മാണപദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

എ  പി   വിനോദ്

കാസര്‍കോട്: പൊതുമേഖലാ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍-ഇഎംഎല്‍ കമ്പനിയുടെ ദീര്‍ഘകാലമായി പരിഗണനയിലുണ്ടായിരുന്ന ഇലക്ട്രിക്കല്‍ ബസ് എന്‍ജിന്‍ നിര്‍മാണ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. ഇതിന്റെ ഭാഗമായി എന്‍ജിന്‍ രൂപകല്‍പന നടത്തുന്ന ഒരു ലോകോത്തര കമ്പനിയുമായി ഭെല്‍ ധാരണാപത്രം ഒപ്പുവച്ചു. നിര്‍മിക്കുന്ന എന്‍ജിനുകള്‍ ടാറ്റാ മോട്ടോഴ്‌സിന് കൈമാറാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
ടാറ്റാ മോട്ടോഴ്‌സും കരാറില്‍ ഒപ്പുവച്ചാല്‍ പദ്ധതി യാഥാര്‍ഥ്യത്തിലെത്തും. ആഗോള കമ്പനിയാണു രൂപരേഖ തയ്യാറാക്കുന്നത്. ഇതനുസരിച്ച് ഭെല്‍-ഇഎംഎല്ലില്‍ നിര്‍മാണം നടക്കും. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക്കല്‍ ബസ് എന്‍ജിനുകള്‍ നിര്‍മിക്കുന്നില്ല. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന എന്‍ജിനാണ് ഇലക്ട്രിക്കല്‍ ബസ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഭെല്ലില്‍ എന്‍ജിന്‍ നിര്‍മാണം ആരംഭിച്ചാല്‍ ബസ് നിര്‍മാതാക്കള്‍ക്ക് മൂന്നിലൊന്ന് കുറവ് തുകയ്ക്ക് എന്‍ജിന്‍ ലഭ്യമാവും. ആദ്യത്തെ ആറുമാസം കൊണ്ട് ആറു ബസ്സുകളുടെ നിര്‍മാണം നടത്തും. പിന്നീട് അടുത്ത സാമ്പത്തികവര്‍ഷം 15 എന്‍ജിനുകള്‍ നിര്‍മിക്കും.
ഇതിനു വിപണിയില്‍ നിന്നുള്ള പ്രതികരണം അനുസരിച്ച് തുടര്‍ന്നുള്ള നിര്‍മാണം നടക്കും. ടാറ്റയെ മാത്രമായി ഈ പദ്ധതിക്ക് ആശ്രയിക്കേണ്ടതില്ലെന്നും മറ്റു കമ്പനികളെയും പരിഗണിക്കാമെന്നും ഇന്നലെ ഭെല്‍-ഇഎംഎല്‍ യൂനിറ്റ് സന്ദര്‍ശിച്ച വ്യവസായമന്ത്രി എ സി മൊയ്തീന്‍ അധികൃതരോട് പറഞ്ഞു. പ്രവര്‍ത്തന മൂലധനമായി അഞ്ചരക്കോടി കൂടി അനുവദിക്കണമെന്ന അധികൃതരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it