Alappuzha local

കെപി റോഡിലെ പണിതീരാത്ത നടപ്പാത യാത്രക്കാരെ വലയ്ക്കുന്നു



കായംകുളം: കെപിറോഡിലെ പണിതീരാത്ത നടപ്പാത യാത്രക്കാരെ വലക്കുന്നു.കായംകുളം-പുനലൂര്‍ റോഡ് ആരംഭിയ്ക്കുന്ന പാര്‍ക്ക് ജങ്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് റോഡിന് ഇരുവശവും ഓടയും നടപ്പാതയും നിര്‍മിക്കുന്നത്.പദ്ധതി നടപ്പാക്കാനായി 2015ല്‍ പൊതുമരാമത്ത് വകുപ്പാണ് 96ലക്ഷം രൂപാ അനുവദിച്ചത്.നിര്‍മാണോദ്ഘാടനം നടത്തിയതല്ലാതെ മാസങ്ങളോളം ജോലികള്‍ ആരംഭിച്ചില്ല.വൈദ്യുതിത്തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി ഉണ്ടാകാഞ്ഞതായിരുന്നു കാരണം.നടപ്പാത നിര്‍മിക്കുന്ന ഭാഗത്തെ വൈദ്യുതിത്തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞ കൗണ്‍സിലിന്റ കാലത്ത് 2.94 ലക്ഷം രൂപാ വൈദ്യുതി ബോര്‍ഡില്‍ അടച്ചു.2015 ഒക്ടോബറില്‍ പണം അടച്ചിട്ടും പോസ്റ്റുകള്‍ മാറ്റാന്‍ വീണ്ടും വൈകി.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് വൈദ്യുതിത്തൂണുകള്‍  മാറ്റി സ്ഥാപിച്ച് നടപ്പാത നിര്‍മാണം തുടങ്ങിയത്.ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള ഓടയുടേയും നടപ്പാതയുടേയും നിര്‍മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. നിലവില്‍ ഈ റോഡിലുണ്ടായിരുന്ന ഓട മണ്ണ് മൂടിക്കിടക്കുകയായിരുന്നു.ഓട നിര്‍മ്മിക്കാന്‍ വേണ്ടി മാറ്റുന്ന മണ്ണും സ്ലാബുകളും റോഡില്‍ കിടക്കുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.എന്നാല്‍ ടെലിഫോണ്‍ പോസ്റ്റുകളും വൈദ്യുതി പോസ്റ്റുകളില്‍ ഒരു ഭാഗവും ഇപ്പോഴും നടപ്പാതക്കുള്ളില്‍ തന്നെയാണ്.നടപ്പാത നിര്‍മിച്ച് കൈവരികള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചാല്‍ തിരക്കേറിയ റോഡില്‍ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ളതടക്കം കാല്‍നട യാത്രികര്‍ക്ക് ആശ്വാസമാകും.ഓട നിര്‍മ്മിക്കേണ്ട ഭാഗത്ത് ഇപ്പോഴും നില്‍ക്കുന്ന ചില പോസ്റ്റുകളും  വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടാതെ നിര്‍മ്മാണം നടത്തുന്നതുമാണ് കാലതാമസത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it