kozhikode local

കെപിസിസി എക്‌സിക്യൂട്ടീവ്  അംഗത്തിനു നേരെ കസേരയേറ്

മുക്കം: കെപിസിസി പ്രസിഡ ന്റ് വി എം സുധീരന്‍ നയിക്കുന്ന യാത്ര വിജയിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ വൈകീട്ട് 4 മണിയോടെ പി ഉപ്പേരന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി നടന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
യോഗമാരംഭിച്ച ഉടനെതന്നെ യാത്ര സ്വീകരണത്തിന്റെ സ്വാഗതസംഘം രക്ഷാധികാരിയെ മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗം രംഗത്തുവരികയായിരുന്നു. സ്വാഗതസംഘം രക്ഷാധികാരിയായ കെപിസി സി എക്‌സികൂട്ടീവംഗം മോയന്‍ കൊളക്കാടന്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച ആളാണന്നും ഇത് ചര്‍ച്ച ചെയ്തിട്ട് മതി ബാക്കി ചര്‍ച്ചയെന്നും ഒരു വിഭാഗം വാദിച്ചു. ഇതിനെ ചിലര്‍ എതിര്‍ത്തത് ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ഇതോടെ പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിക്കാത്തതിനെയും ചിലര്‍ ചോദ്യം ചെയ്തു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ കസേരയെടുത്ത് കെ പി സി സി എക്‌സിക്യൂട്ടീവ് അംഗത്തെയടക്കം മര്‍ദ്ധിക്കാന്‍ ശ്രമിച്ചു. സംഭവസ്ഥലം ബഹളമയമായപ്പോള്‍ നാട്ടുകാര്‍ ഓടികൂടി. ഇതോടെയാണ് യോഗം പിരിച്ചുവിട്ടത്.
മണ്ഡലം കമ്മിറ്റി ഓഫിസിലും സ്ഥിരം മീറ്റിങ് നടക്കുന്ന സ്ഥലങ്ങളിലും യോഗം നടത്താതിരുന്നതും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ്. തിരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇതോടെ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്നിക്കോട് ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ നടന്ന യോഗം ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചിരുന്നു. പന്നിക്കോട് അങ്ങാടിയിലെ മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ പോലും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it