Kottayam Local

കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്; പ്രതിസന്ധി രൂക്ഷം



തലയോലപ്പറമ്പ്: ക്രഷറുകളില്‍ നിന്നുള്ള കെട്ടിട നിര്‍മാണ സാമഗ്രികളുടെ അന്യായമായ വില വര്‍ധനവ് തൊഴിലാളികളെയും ഇടപാടുകാരെയും വലക്കുന്നു. ഒരടിക്ക് 20 രൂപ ഉണ്ടായിരുന്ന എം സാന്റ്, മെറ്റല്‍ എന്നിവയുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 10 രൂപ വര്‍ധിപ്പിച്ച് 30 രൂപയാക്കി. 50 ശതമാനം വര്‍ധനയാണ് കോട്ടയം, എറണാകുളം ജില്ലകളിലെ ക്രഷറുടമകള്‍ പെട്ടെന്നു വരുത്തിയത്. നിത്യേനയുണ്ടാവുന്ന വിലയിലെ വ്യത്യാസം അംഗീകരിക്കാന്‍ പലപ്പോഴും ഇടപാടുകാര്‍ തയ്യാറാവാറില്ല. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഒരിടപാടുകാരന് ഇറക്കുന്ന സാധനത്തിനു തന്നെ ലോഡൊന്നിനു നൂറുകണക്കിനു രൂപയുടെ വ്യത്യാസം ഉണ്ടാവുന്നു. ഇത് മിക്കയിടത്തും വാഹനത്തില്‍ സാധനമെത്തിക്കുന്ന തൊഴിലാളികളും ഇടപാടുകാരും തമ്മിലുള്ള തര്‍ക്കത്തിനു കാരണമാവുന്നുണ്ട്. പല ക്രഷറുകളിലും സാധനങ്ങള്‍ക്ക് തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് ആക്ഷേപവുമുണ്ട്. നിര്‍മാണ സാധനങ്ങള്‍ കൊണ്ടുപോവാന്‍ പാസ് ആവശ്യമാണ്. കൂടുതല്‍ ലോഡ് സാധനം എടുക്കുന്നവര്‍ക്കു മാത്രമേ പാസ് നല്‍കൂവെന്ന് ക്രഷറുകാര്‍ വാശി പിടിക്കുന്നത് വാഹന ഉടമകള്‍ക്കു മിക്കപ്പോഴും തിരിച്ചടിയാവുന്നു. നിര്‍മാണ വസ്തുക്കള്‍ക്ക് അടിസ്ഥാന വില നിശ്ചയിക്കണമെന്നും വില ഏകീകരിക്കണമെന്നും ഓരോ ലോഡിനും നിയമാനുസൃതമുള്ള പാസുകള്‍ നല്‍കണമെന്നുമുള്ള ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അടിയന്തരമായി അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം  ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും ചരക്ക് വാഹന തൊഴിലാളി യൂനിയന്‍ (സിഐടിയു) തലയോലപ്പറമ്പ് ഏരിയാ പ്രസിഡന്റ് വി ടി പ്രതാപനും സെക്രട്ടറി എ കെ രജീഷും അറിയിച്ചു.
Next Story

RELATED STORIES

Share it