Kollam Local

കെട്ടിടം പണിയാന്‍ നിലംവാങ്ങി; മങ്ങാട് സഹകരണ ബാങ്ക് തൃശങ്കുവില്‍

കരിക്കോട്: മങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിട നിര്‍മാണത്തിന് ഭൂമി വാങ്ങിയ ഭരണസമിതി തൃശങ്കുവില്‍. കെട്ടിടം നിര്‍മിക്കാന്‍ നിലം വാങ്ങിയതാണ് ബാങ്കിന് തിരിച്ചടിയായത്. ചാത്തിനാംകുളം കുഴിയാനി ജങ്ഷന് സമീപമുള്ള ആറര സെന്റ് വസ്തുവാണ് മങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ചാത്തിനാംകുളം ശാഖ ആരംഭിക്കുവാനായി വാങ്ങിയത്. മാസങ്ങള്‍ക്ക് മുമ്പ് വനംമന്ത്രി കെ രാജുവിനെ എത്തിച്ച് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ കെട്ടിടം പണിയാനാകാത്ത സ്ഥിതിയാണ്. കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കോര്‍പറേഷന്‍ നേരത്തെ തള്ളിയിരുന്നു. നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന വസ്തുവില്‍ വീട് വയ്ക്കുന്നതിന് ഇളവ് ലഭിക്കും. എന്നാല്‍ മറ്റ് കെട്ടിടങ്ങള്‍ പണിയാന്‍ കഴിയില്ല. ഈ കാരണത്താലാണ് അപേക്ഷ കോര്‍പറേഷന്‍ തള്ളിയത്. ഇപ്പോള്‍ അപേക്ഷ തഹസില്‍ദാരുടെ പരിഗണനയിലാണ്. സമ്മര്‍ദ്ദത്തിനായി വനംമന്ത്രിയേയും സമീപിച്ചിരിക്കുകയാണ് ബാങ്ക് ഭരണസമിതി. നേരത്തെ ബാങ്കിന്റെ ചാത്തിനാംകുളം ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപത്തായി തന്നെ മറ്റൊരു വസ്തു ഏറ്റെടുക്കാനായിരുന്നു ബാങ്കിന്റെ പദ്ധതി. ഇതിന്റെ നടപടികള്‍ അവസാനഘട്ടത്തില്‍ നില്‍ക്കെയാണ് പെട്ടെന്ന് കോണ്‍ഗ്രസ് നേതാവിന്റെ കൈവശമുണ്ടായിരുന്ന കുഴിയാനി ജങ്ഷനിലെ ഭൂമി വാങ്ങിയത്. വസ്തു നിലനില്‍ക്കുന്ന സ്ഥലം നിലമാണെന്ന കാര്യം അറിയാമായിരുന്നിട്ടും ചില ബോര്‍ഡ് അംഗങ്ങള്‍ ഇടപെട്ട് ഇത് മറച്ചുവച്ച് വസ്തു വാങ്ങിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
സിപിഎം, സിപി ഐ അംഗങ്ങള്‍ മാത്രമാണ് ബാങ്ക് ഭരണസമിതിയിലുള്ളത്. സെന്റിന് അഞ്ച് ലക്ഷത്തോളം രൂപ ഇതിനായി ചെലവിട്ടതായാണ് വിവരം. ഇതിനേക്കാള്‍ വിലക്കുറവില്‍ പ്രദേശത്ത് നിലം അല്ലാത്ത മറ്റിടങ്ങള്‍ വാങ്ങാമെന്നിരിക്കെ വന്‍ വില നല്‍കി കുഴിയാനി ജങ്ഷനിലെ നിലം വാങ്ങിയതിന് പിന്നില്‍ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ വാര്‍ധക്യ കാല പെന്‍ഷന്‍ തിരിമറി നടത്തിയത് സംബന്ധിച്ച് ബാങ്കിനെതിരേ ആരോപണമുയര്‍ന്നിരുന്നു. കോര്‍പറേഷന്‍ ബാങ്ക് വഴി വിതരണം ചെയ്ത വാര്‍ധക്യ കാല പെന്‍ഷന്‍ ഗുണഭോക്താവ് അറിയാതെ ഭരണസമിതി അംഗം ഒപ്പിട്ട് കൈപ്പറ്റുകയായിരുന്നു. സംഭവം കൊല്ലം കോര്‍പറേഷനിലെ എസ്ഡിപിഐ അംഗം എ നിസാര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുകയും വിവാദമാവുകയും ചെയ്തതോടെ ബോര്‍ഡ് അംഗം തന്നെ പെന്‍ഷന്‍ ഗുണഭോക്താവിന്റെ വീട്ടില്‍ നേരിട്ടെത്തിച്ച് തലയൂരുകയായിരുന്നു. ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനായി ആരോപണവിധേയനായ ഭരണസമിതി അംഗത്തെ ആറുമാസത്തേക്ക് പിന്നീട് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വാര്‍ധക്യകാല പെന്‍ഷന്‍ അഴിമതിക്ക് പിന്നാലെയാണ് ഇപ്പോള്‍ വസ്തു വാങ്ങിയതിലെ ആരോപണങ്ങളും ഉയരുന്നത്.
Next Story

RELATED STORIES

Share it