Flash News

കെജിഒഎഫ് പ്രവര്‍ത്തന റിപോര്‍ട്ട്‌ : സര്‍ക്കാര്‍ നിലപാടുകള്‍ അവമതിപ്പുണ്ടാക്കിയെന്ന് വിമര്‍ശനം



കോട്ടയം: വിവാദവിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടുകള്‍ സാധാരണക്കാരില്‍ അവമതിപ്പുണ്ടാക്കിയെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് സിപിഐ അനുകൂലസംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടില്‍ വിമര്‍ശനം. നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും തിരുവനന്തപുരം ലോ അക്കാദമി വിഷയവും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിനിടെ ഉയര്‍ന്ന സംഭവിക്കാന്‍ പാടില്ലാത്ത അഭിപ്രായവ്യത്യാസങ്ങളുമാണ് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയത്. മേല്‍വിഷയങ്ങളില്‍ എല്‍ഡിഎഫിലുണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ജനങ്ങളില്‍ വിഷമവും മോഹഭംഗവുമുണ്ടാക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍, ശമ്പളപരിഷ്‌കരണം എന്നീ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യാശയയനുസരിച്ചുള്ള നടപടികളുണ്ടാവുന്നില്ല. സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയ വിഷയങ്ങളില്‍ ചെറിയതോതിലെങ്കിലും തിരുത്തല്‍ നടപടികളും ഉദ്യോഗസ്ഥരുടെ വിഷയങ്ങളില്‍ സത്വരനടപടികളുമുണ്ടാവണമെന്ന് പ്രവര്‍ത്തന റിപോര്‍ട്ട് നിര്‍ദേശിക്കുന്നു. േകരളത്തിന്റെ വികസനം ലക്ഷ്യമാക്കി രൂപംകൊടുത്ത കിഫ്ബി വികസനത്തിന്റെ വന്‍കുതിപ്പാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍, അതിന്റെ നടത്തിപ്പില്‍ വകുപ്പുകള്‍ക്ക് പ്രാധാന്യം കുറയുകയും കരാര്‍ തൊഴില്‍ സമ്പ്രദായം അടിസ്ഥാനപ്പെടുത്തി രൂപംകൊള്ളുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നത് ആശങ്കയുളവാക്കുന്നു. കിഫ്ബി പദ്ധതികളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സ്ഥാനം ഉറപ്പുവരുത്തണം. മുന്‍സര്‍ക്കാരിന്റെ കാലത്ത് സമരസമിതിയും ആക്ഷന്‍ കൗണ്‍സിലുമായുണ്ടായിരുന്ന ഐക്യം നിലനിര്‍ത്തി സര്‍വീസിലെ വിഷയങ്ങള്‍ക്ക് പരിഹാരം തേടണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it