wayanad local

കെഎസ്ഇബിയില്‍ നിയമന നിരോധനം

കല്‍പ്പറ്റ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐഐഎം) പേരുപറഞ്ഞ് വൈദ്യുതി ബോര്‍ഡിലെ തസ്തികകള്‍ വെട്ടിനിരത്താനാണ് ഇടതു സര്‍ക്കാരും മാനേജ്‌മെന്റും ശ്രമിക്കുന്നതെന്നു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആരോപിച്ചു. തസ്തികകള്‍ വെട്ടിക്കുറക്കുന്നതിനുള്ള നടപടിയില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് സംഘടന കല്‍പ്പറ്റ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1998ല്‍ ഇടത് വൈദ്യുതി നയത്തിന്റെ ഭാഗമായി 10,000 തസ്തികകള്‍ വെട്ടിനിരത്തിയിരുന്നു. ഇപ്പോള്‍ പിഎസ്്‌സിയുടെ നിയമന ശുപാര്‍ശ ലഭിച്ച പലര്‍ക്കും ഒരു വര്‍ഷമായിട്ടും നിയമനം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ബോര്‍ഡില്‍ വരുമാനം നേടിക്കൊടുക്കുന്ന മീറ്റര്‍ റീഡിങ് എടുക്കുന്നതിന് സ്ഥിരം ജീവനക്കാര്‍ വേണ്ടെന്ന നയത്തിന്റെ ഭാഗമായി ഇനി ഈ തസ്തികയില്‍ നിയമനം നടത്തേണ്ടതില്ലെന്നു ബോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു. ഇലക്ട്രിസിറ്റി വര്‍ക്കര്‍, ലൈന്‍മാന്‍, സബ് എന്‍ജിനീയര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഉപഭോക്താക്കള്‍ കൂടുതലുള്ള സെക്ഷന്‍ ഓഫിസുകള്‍ വിഭജിക്കാന്‍ അധികൃതര്‍ തയ്യാറല്ല. ഉന്നതോദ്യോഗസ്ഥരുടെ തസ്തികകള്‍ യഥേഷ്ടം സൃഷ്ടിച്ച് ധൂര്‍ത്തിന് വഴിവയ്ക്കുന്നു- അദ്ദേഹം കുറ്റപ്പെടുത്തി. കെ എം ജംഹര്‍ അധ്യക്ഷത വഹിച്ചു. പി ജി രമേശന്‍, ബേബി പ്രശാന്ത്, എ കെ സുനില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it