Flash News

കെഎസ്ആര്‍ടിസി മിന്നല്‍ ബസ് സര്‍വീസുകള്‍ തുടങ്ങി



തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ മിന്നല്‍’ ബൈപാസ് നൈറ്റ് റൈഡര്‍ ബസ്സുകള്‍ നിരത്തിലിറങ്ങി. സര്‍വീസുകളുടെ ഉദ്ഘാടനം തമ്പാനൂര്‍ ബസ് സ്‌റ്റേഷനില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നിര്‍വഹിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ 850 പുതിയ ബസ്സുകള്‍ വാങ്ങാനുള്ള അംഗീകാരമായതായി മന്ത്രി  അറിയിച്ചു. പുതിയ ബസ്സുകള്‍ വാങ്ങുന്നതിന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം നല്‍കിയ പദ്ധതി ഗതാഗത വകുപ്പ് ധനവകുപ്പിന് സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ആ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഉടന്‍ ആരംഭിക്കും. കലക്ഷന്‍ കുറഞ്ഞതിന്റെ പേരില്‍ ബസ് സര്‍വീസ് നിര്‍ത്തിയതിനെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ബസ് സര്‍വീസ് നിര്‍ത്തിയത് ശാശ്വതമല്ല. സര്‍വീസ് അവസാനിപ്പിച്ച റൂട്ടുകളില്‍ വീണ്ടും ബസ് സര്‍വീസ് നടത്തും. അതിനായി റീ ഷെഡ്യൂള്‍ ചെയ്യും. കെഎസ്ആര്‍ടിസിയെ ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടത്തില്‍ നിന്നും കരകയറ്റും. രണ്ടു വര്‍ഷത്തിനുള്ളില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനാക്കി മാറ്റാനാണ് പദ്ധതികള്‍ തയ്യാറാക്കും. ആധുനിക സൗകര്യമുള്ള പുത്തന്‍ ബസുകളുമായി ഒരു വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷനെ ലാഭത്തിലാക്കാനുള്ള പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നത്. ഇതിനു പര്യാപ്തമായ ടീമാണ് നയിക്കുന്നത്. അമിത വേഗതയിലൂടെയല്ല, സ്‌റ്റോപ്പുകള്‍ കുറച്ച് യാത്രക്കാരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് ‘മിന്നല്‍’ സര്‍വീസുകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ബസിന് ഡിസൈന്‍ ഒരുക്കിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ സിനു ആനന്ദിന് മന്ത്രി ഉപഹാരം സമ്മാനിച്ചു. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് എംഡി എം ജി രാജമാണിക്യം പങ്കെടുത്തു. ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് ചാര്‍ജ് വര്‍ധനയില്ലാതെ സമയക്ലിപ്തത പാലിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ‘മിന്നല്‍’ സര്‍വീസുകള്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it