kozhikode local

കെഎസ്ആര്‍ടിസി ബസ്സ് ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍



താമരശ്ശേരി: കെഎസ്ആര്‍ടിസി ബസ്സ് തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഉള്ള്യേരി കുന്നത്തറ സ്വദേശി ശ്രീനാഥ്, വാവാട് സ്വദേശി ശ്യാംദേവ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും വരികയായിരുന്ന ലോ ഫ്‌ളോര്‍ ബസ്സ് ഡിപ്പോക്ക് മുന്‍വശത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഡ്രൈവറെ അക്രമിക്കുകയും കണ്ണാടി അടിച്ച് തകര്‍ക്കുകയുമായിരുന്നു. കെഎല്‍ 11 എ ഖ്യു 5472 പള്‍സര്‍ ബൈക്കിലെത്തിയ മൂന്നുപേരാണ് അക്രമം നടത്തിയതെന്ന് ഡ്രൈവര്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരി കോടതിക്ക് സമീപത്തുനിന്നും ബസ്സ് ബൈക്കിനെ മറികടന്നപ്പോള്‍ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു അക്രമം. ഡ്രൈവര്‍ അബ്ദുല്‍ ജൗഹറിന്റെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഉള്ള്യേരി സ്വദേശിയായ ശ്രീനാഥ് അണ്ടോണയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് പോലിസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
Next Story

RELATED STORIES

Share it