kozhikode local

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വിജിലന്‍സ് സ്‌ക്വാഡിന്റെ മര്‍ദനം

താമരശ്ശേരി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുള്ള ഡ്രൈവറെ മര്‍ദിക്കുകയും വ്യാജ റിപോര്‍ട്ട് തയ്യാറാക്കുകയും ചെയ്തതായി പരാതി.
ലൈസന്‍സ് പരിശോധിച്ചപ്പോള്‍ ആദ്യം നല്‍കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സായതിനാല്‍ പുതിയ ലൈസന്‍സ് പരിഗണിക്കാതെ ഡ്രൈവര്‍ക്കെതിരേ റിപോര്‍ട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. തിരുവനന്തപുത്ത് നിന്നുള്ള വിജിലന്‍സ് സ്‌ക്വാഡാണ് താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മിന്നല്‍ പരിശോധനക്കെത്തിയത്. അടിവാരം കോഴിക്കോട് സര്‍വീസ് കഴിഞ്ഞ് ഡിപ്പോയിലെത്തിയ ബസ്സിലെ ഡ്രൈവര്‍ കെ കെ കുഞ്ഞിമുഹമ്മദില്‍ നിന്നു സംഘം ലൈസന്‍സ് ആവശ്യപ്പെട്ടു.
പോക്കറ്റിലുണ്ടായിരുന്ന ലൈസന്‍സിന്റെ കോപ്പി നല്‍കിയപ്പോള്‍ അത് കാലാവധി കഴിഞ്ഞതായിരുന്നു. ഉടന്‍തന്നെ ബസ്സിലുണ്ടായിരുന്ന ബേഗില്‍ നിന്നും പുതുക്കിയ ലൈസന്‍സ് എടുത്ത് നല്‍കിയെങ്കിലും ഇത് പരിഗണിക്കാതെ പഴയ ലൈസന്‍സിന്റെ പേരില്‍ തെറ്റായ റിപോര്‍ട്ട് തയ്യാറാക്കുകയും തന്നെ മര്‍ദിക്കുകയുമായിരുന്നുവെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു.
ഇദ്ദേഹം താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ജോലി തടസ്സപ്പെടുത്തിയെന്ന് കാണിച്ച് വിജിലന്‍സ് സംഘം നല്‍കിയ പരാതിയില്‍ ഡ്രൈവര്‍ കുഞ്ഞിമുഹമ്മദിനെതിരേ താമരശ്ശേരി പോലിസ് കേസെടുത്തു. ഡ്രൈവര്‍മാരുടെ പുതുക്കിയ ലൈസന്‍സ് സംബന്ധിച്ച ഫയല്‍ ഓഫിസീല്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാവുമെന്നിരിക്കെ ഡ്രൈവര്‍മാരെ അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍ ഒറിജിനല്‍ ലൈസന്‍സ് കൈയിലില്ലാതെയാണ് ബസോടിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.
Next Story

RELATED STORIES

Share it