kannur local

കെഎസ്ആര്‍ടിസി: ജീവനക്കാരെ പിരിച്ചുവിടല്‍ പ്രായോഗികമല്ല



തലശ്ശേരി: കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ 10 വര്‍ഷമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരില്‍ വര്‍ഷത്തില്‍ 120 ദിവസം ഡ്യൂട്ടി ചെയ്യാത്തവരെ പിരിച്ചുവിടാനുള്ള നീക്കം പ്രയോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിലയിരുത്തല്‍. 2004 കാലയളവില്‍ ഡ്യൂട്ടിക്കെത്തിയ താല്‍ക്കാലിക ജീവനക്കാരില്‍ പലര്‍ക്കും ഡ്യൂട്ടി ചെയ്യാന്‍ ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല. 2007ലാണ് തലശ്ശേരിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ ആരംഭിക്കുന്നത്. നിലവില്‍ 62ഓളം സര്‍വീസുകള്‍ ഡിപ്പോ വഴി നടത്തുന്നുണ്ടെങ്കിലും ട്രിപ്പ് മുടക്കം പതിവാണ്. കൂടാതെ, പല ബസ്സുകളും കട്ടപ്പുറത്തും. ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് ബസ്സുകള്‍ അനുവദിച്ചുനല്‍കേണ്ടത് സ്റ്റേഷന്‍ ഓഫിസറുടെ ചുമതലയാണ്. എന്നാല്‍ മെയിന്റനന്‍സ് വിഭാഗം വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ പ്രാമുഖ്യം നല്‍കിയതോടെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പലപ്പോഴും പ്രവൃത്തിദിനങ്ങളില്‍ ഡ്യൂട്ടിക്ക് ഹാജരായിട്ടും തൊഴില്‍ ചെയ്യാനാവാത്ത സ്ഥിതിയാണ്. ആഴ്ചയില്‍ ഒരു ഡ്യൂട്ടി മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ രണ്ട് ഡ്യൂട്ടിയായി പരിഗണിക്കാറുണ്ട്. കണ്ടക്ടര്‍ക്ക് 430 രൂപയും ഡ്രൈവര്‍ക്ക് 450 രൂപയുമാണ് ഡ്യൂട്ടി ബത്ത. സ്വകാര്യബസ്സില്‍ ഇതേ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇതിലും കൂടുതല്‍ വേതനവും കലക്ഷന്‍ ബത്തയും ലഭിക്കുന്നുണ്ട്. തലശ്ശേരിയില്‍നിന്ന് മൈസൂരുവിലേക്ക് 405 കിലോമീറ്റര്‍ ദൂരം ബസ്സോടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യഥാര്‍ഥത്തില്‍ ലഭിക്കുന്നത് 250 കിലോമീറ്റര്‍ ആകെ ഒരു ദിവസമോടിക്കുന്ന സ്വകാര്യബസ്സിലെ ജീവനക്കാരുടെ പ്രതിദിന ബത്തയേക്കാള്‍ കുറവാണ്. താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ക്ക് തങ്ങളുടെ ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്താന്‍ ബസ്സുകള്‍ ലഭിക്കാത്ത സാഹചര്യങ്ങളില്‍ പലരും സ്വകാര്യബസ്സുകളില്‍ തൊഴില്‍ ചെയ്യുകയാണ്. കെഎസ്ആര്‍ടിസിയിലെ പൊതുപ്രവര്‍ത്തന രീതി തകിടംമറിക്കപ്പെട്ടതോടെയാണ് പല സര്‍വീസുകളും നിര്‍ത്തിവയ്‌ക്കേണ്ടി വരികയോ ബസ്സുകള്‍ കട്ടപ്പുറത്താവുകയോ ചെയ്യുന്നത്. ഇത്തരം വസ്തുതകള്‍ പരിശോധിക്കാതെ 120 ദിവസം പ്രവൃത്തിയെടുക്കാത്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.
Next Story

RELATED STORIES

Share it